മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരായ വീരേന്ദ്ര സെവാഗിന്റെയും ഗൗതം ഗംഭീറിന്റെയും അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്ന വിലയിരുത്തലുകളെ മുന്‍ വിക്കറ്റ് കീപ്പറും സെലക്ഷന് കമ്മിറ്റി അംഗവുമായിരുന്ന കിരണ്‍ മോറെ തള്ളിക്കളഞ്ഞു. ശിഖര്‍ ധവാന്- രോഹിത് ശര്‍മ സഖ്യത്തിന്റെ മികവിനെയും മോറെ പുകഴ്ത്തി.
ഓപ്പണിങ് സ്ഥാനത്തേക്കുള്ള മത്സരം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നല്ല സൂചനയാണ്. നന്നായി കളിക്കുന്നവരെ ടീമില്‍ ഉള്‍പ്പെടുത്തും. ഇപ്പോഴുള്ളതില്‍ ആരെങ്കിലും അയോഗ്യരായാല്‍ വീരുവിനും ഗംഭീറിനും സഹീര്‍ ഖാനുമൊക്കെ തിരിച്ചുവരാം. കടുത്ത പര്യടനങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ പരിചയസമ്പന്നരായ താരങ്ങളും വേണം, മോറെ പറഞ്ഞു.
ഗംഭീറും സെവാഗും ആഭ്യന്തര ക്രിക്കറ്റില്‍ നല്ല പ്രകടനം കാഴ്ച്ചവയ്ക്കേണ്ടതുണ്ട്. സ്വന്തം കഴിവിലെ വിശ്വാസം അവര്‍ വീണ്ടെടുക്കണം. ഇതൊരു ആരോഗ്യപരമായ മത്സരമാണ്.ഇപ്പോള്‍ കളിക്കുന്നവരില്‍ പലര്‍ക്കും മോശം സമയംവന്നേക്കാം. പുറത്തിരിക്കുന്നവര്ക്കൊക്കെ അപ്പോള്‍ ടീമില്‍ മടങ്ങിയെത്താവുന്നതേയുള്ളു. രോഹിത് മികച്ച സംഭാവനകള്‍ നല്കുന്നു.സെലക്റ്റര്‍മാരും കോച്ചും ക്യാപ്റ്റനും നല്കിയ അവസരം അദ്ദേഹം ശരിക്കു മുതലെടുത്തു. മുംബൈ താരത്തിന്റെ പരിചയ സമ്പന്നത ടീമിനു മുതല്‍ക്കൂട്ടാണെന്നും മോറെ ചൂണ്ടിക്കാട്ടി.
ശിഖര്‍ ധവാനും രോഹിതും ഉശിരന്‍ ഫീല്ഡര്മാര്കൂടെയാണ്. ഒന്നാം വിക്കറ്റില്‍ അവര്‍ മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നുമുണ്ട്. എങ്കിലും ഈ ജോടിക്ക് കളിക്കാന്‍ സാധിക്കാത്ത അവസരത്തില്‍ പകരക്കാരെ വേണം. അപ്പോഴാണ് നമ്മള് സെവാഗിലേക്കും ഗംഭീറിലേക്കുമൊക്കെ തിരിയുന്നത്.
ഇന്ത്യയ്ക്ക് നല്ല പേസ് ബൗളര്‍മാരുടെ കുറവുണ്ട്. ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറും നന്നായി പന്തെറിയുന്നു. എങ്കിലും ഇപ്പോഴുള്ളതില്‍ മിക്കപേര്‍ക്കും പരിക്കാണ്. ഫാസ്റ്റ് ബൗളര്‍മാരെ കൂടുതല്‍ കണ്ടെത്താന്‍ ശ്രമിക്കണം.
2015 ലോകകപ്പില്‍ ടീം ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ല. യുവത്വവും പരിചയസമ്പത്തും ചേര്‍ന്ന ടീമാണ് നമ്മുടേത്. ഒരോ താരവും 80 മുതല്‍ 100 മത്സരങ്ങള്‍വരെ കളിച്ചവരായിരിക്കണം. അതിലൂടെ ലഭിക്കുന്ന പരിചയസമ്പത്ത് വലിയ മത്സരങ്ങളില്‍ ഏറെ സഹായകമാകുമെന്നും മോറെ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: