തട്ടക്കുഴ: കൊല്ലപ്പുഴ ദേവീക്ഷേത്രത്തിന് കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന കിഴക്കേക്കാവ് ദേവീക്ഷേത്രം പട്ടാപ്പകല്‍ കൊള്ളയടിച്ചു. ക്ഷേത്രത്തിലെ പ്രതിഷ്ഠ, നിലവിളക്കുകള്‍, വാളും ശൂലവും, ക്ഷേത്രത്തിലെ കാണിയ്ക്കവഞ്ചി എന്നിവയെല്ലാം കൊള്ളയടിക്കപ്പെട്ടു. ശനിയാഴ്ച രാവിലെ 11 മണിയോടു കൂടി തൊട്ടടുത്ത് കിടക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശിയെന്ന് പറയപ്പെടുന്ന വെങ്ങല്ലൂര്‍ ഗ്രീന്‍ ഹൗസില്‍ സാറാമ്മ ഉമ്മന്‍ എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ എത്തിയ 11 അംഗ സംഘമാണ് ആയുധങ്ങളുമായി എത്തി ക്ഷേത്രം ആക്രമിച്ച് കീഴടക്കുകയും കൊള്ള നടത്തുകയും ചെയ്തത്. ക്ഷേത്ര പ്രതിഷ്ഠ നടത്തിയിരുന്ന പന്തലും ഇവര്‍ നശിപ്പിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പെറ്റി ദേവസ്വം ബോര്‍ഡ് വിഭാഗത്തില്‍പ്പെട്ടതാണ് ഈ ക്ഷേത്രം. മാസം പൂജയും ദേവസ്വം ബോര്‍ഡ് ഇവിടെ നടത്തിവരുന്നുണ്ട്.
സംഭവത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 17ന് രാവിലെ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന് മാര്‍ച്ചിന് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തു. ക്ഷേത്രവും സാറാമ്മ ഉമ്മനും തമ്മില്‍ സ്വത്തിനെ സംബന്ധിച്ച് സിവില്‍ കേസ് നിലവിലുണ്ട്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ തടിച്ച് കൂടിയ വിശ്വാസികള്‍ ക്ഷേത്രത്തില്‍ പരിഹാര ക്രിയകള്‍ നടത്തുകയും ക്ഷേത്ര പൂജാരി പൂജകള്‍ ആരംഭിക്കുകയും ചെയ്തു.
സംഭവത്തിനെതിരേ ക്ഷേത്രപരിസരത്ത് ചേര്‍ന്ന വമ്പിച്ച പ്രതിഷേധ യോഗത്തില്‍ ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. സോമരാജന്, എന്‍.എസ്.എസ്. താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് തട്ടക്കുഴ രവി, തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ഹിന്ദു ഐക്യവേദി യൂണിറ്റ് പ്രസിഡന്റ് നാരായണന് കോഴിക്കാട്, സെക്രട്ടറി എ.കെ. കണ്ണന്, രവീന്ദ്രന് പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: