ന്യുദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രിസഭായോഗം പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ വനിതാ സര്‍വ്വകലാശാല ശുദ്ധ തട്ടിപ്പാണെന്ന് വ്യക്തമാകുന്നു.
നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് വനിതകളുടെ വിദ്യാഭ്യാസത്തിനായി വനിതാ സര്‍വ്വകലാശാല ആരംഭിച്ചിട്ടുണ്ടെന്നിരിക്കെ തെരഞ്ഞെടുപ്പ് കാലത്തു നടത്തുന്ന പ്രഹസന പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നാണംകെടുത്തുകയാണ്.
1916ല്‍ പൂനയിലാണ് ആദ്യത്തെ വനിതാ സര്‍വകലാശല തുടങ്ങിയത്. ദി ഇന്ത്യന്‍ വിമണ്‍ സര്വകലാശാലയെന്നറിയപ്പെട്ടിരുന്ന സ്ഥാപനം സ്വാതന്ത്ര്യാനന്തരം 1951ല്‍ നാഥിഭായി ദാമോദര്‍ താക്കര്‍സേ സര്‍വകലാശാല(എസ്എന്‍ഡിറ്റി) എന്ന് പേരുമാറ്റി. മഹാത്മാഗാന്ധി മുതല്‍ ഇന്ദിരാഗാന്ധി വരെയുളളവര്‍ സന്ദര്‍ശിച്ചിട്ടുളള സര്‍വകലാശാല സ്ഥാപിച്ചത് ഭാരത്രത്ന കേശവ് ദോണ്ടോ കാര്വേയാണ്. ഇത്രയും പ്രശസ്തമായ സര്‍വ്വകലാശാല രാജ്യത്ത് നിലവിലുണ്ടെന്നിരിക്കെ രാജ്യത്തെ ആദ്യ വനിതാ സര്‍വ്വകലാശാലയായി റായ്ബറേലിയില്‍ 500 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ചരിത്രവും വിദ്യാഭ്യാസ ചരിത്രവും പഠിക്കാത്തവരാണ് കോണ്‍ഗ്രസിലേയും കേന്ദ്രമന്ത്രിസഭയിലേയും നിലവിലെ പ്രമുഖരെന്ന ആക്ഷേപത്തെ ശക്തിപ്പെടുത്തുന്നതാണ് പുതിയ വനിതാ സര്‍വ്വകലാശാലാ പ്രഖ്യാപനം. കൂടാതെ ഇന്ത്യയില്‍ എല്ലാം തുടങ്ങിയത് നെഹ്റുവിന്റെ പിന്മുറക്കാരായ നിലവിലെ ‘ഗാന്ധി കുടുംബം’ ആണെന്ന കള്ളപ്രചാരണവും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. പുതിയ സര്‍വ്വകലാശാല ഇന്ദിരാഗാന്ധിയുടെ പേരില്‍ ആരംഭിക്കുന്നതും ഇതേ ഗൂഢലക്ഷ്യത്തോടെയാണ്.സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ രാജ്യത്ത് സര്‍വ്വകലാശാല ആരംഭിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ വനിതകളുടെ രക്ഷയും ശാക്തീകരണവും സോണിയാഗാന്ധിയാണ് നടപ്പാക്കുന്നത് എന്ന പ്രതീതി ഉണ്ടാക്കുന്നതിനു വേണ്ടി നടത്തുന്ന ശുദ്ധതട്ടിപ്പുകളുടെ അവസാനത്തെ ഉദാഹരണമായി ഇതും മാറുകയാണ്.
എസ്എന്‍ഡിറ്റി യൂണിവേഴ്സിറ്റി അക്കാലത്ത് സ്ത്രീകളുടെ വിദ്യാഭ്യാസം മാത്രം ലക്ഷ്യമിട്ട് ആരംഭിച്ചതായിരുന്നില്ല.
മറിച്ച് രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരണവും സര്‍വ്വകലാശാലയുടെ ലക്ഷ്യമായിരുന്നു. 1939ല്‍ മഹാത്മാഗാന്ധിയാണ് സര്‍വ്വകലാശാലയുടെ വാര്‍ഷിക ബിരുദധാന ചടങ്ങില്‍ പങ്കെടുത്തത് എന്നതു തന്നെ സ്ഥാപനത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കി നല്‍കുന്നുണ്ട്. 1941ല്‍ ഡോ.എസ് രാധാകൃഷ്ണന് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. 1958ല്‍ മഹര്‍ഷി കര്വേയ്ക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ഭാരതരത്നം നല്കി ആദരിക്കുകയും ചെയ്തിരുന്നു. 1966ലെ സുവര്‍ണ്ണജൂബിലി ഉദ്ഘാടനം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് നിര്‍വഹിച്ചത്.
1976ല്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയായിരുന്ന ശങ്കര്‍ദയാല്‍ ശര്‍മ്മ സര്‍വ്വകലാശാലയുടെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. 1991ല്‍ പ്ലാറ്റിനം ജൂബിലിക്കും സ്റ്റാമ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍ സര്‍വകലാശാലയെ ആദരിച്ചതാണ്.
ഇതിലും വലിയ യാഥാര്‍ത്ഥ്യം മുന്‍ യൂജിസി ചെയര്മാന് കൂടിയായ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് നേതൃത്വം വഹിച്ച കേന്ദ്രമന്ത്രിസഭായോഗമാണ് ആദ്യ വനിതാ സര്‍വ്വകലാശാലയെന്ന വിശേഷണം റായ്ബറേലിക്കു നല്കാന് ശ്രമിച്ചതെന്നതാണ്. മന്ത്രിസഭയിലെ മഹാരാഷ്ട്രക്കാരായ പ്രതിനിധികള്‍ ശരത് പവാറും സുശീല്‍ കുമാര്‍ ഷിന്‍ഡെയും എസ്എന്‍ഡിറ്റി യൂണിവേഴ്സിറ്റിയേപ്പറ്റിയും മഹാരാഷ്ട്രയുടെ സമ്പന്നമായ പൂര്വ്വകാലത്തേപ്പറ്റിയും മനപ്പൂര്‍വ്വം മറവി കാണിച്ചതായിരിക്കാം.
കോണ്‍ഗ്രസ് നേതാക്കളുടെയും കേന്ദ്രമന്ത്രിസഭാംഗങ്ങളുടേയും ‘മറവി’യേപ്പറ്റി ബിജെപി നേതാവും മുന്‍ പെട്രോളിയം മന്ത്രിയുമായ രാംനായിക് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് ഇന്ദിരാഗാന്ധിയുടെ പേരില്‍ നിരവധി പദ്ധതികളുണ്ടെന്നിരിക്കെ പുതിയ യൂണിവേഴ്സിറ്റിക്ക് വനിതകളുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച സാവിത്രിഭായ് ഫുലെ,ഭഗിനി നിവേദിത,ഡോ.ആനന്ദി ജോഷി,രമാഭായ് റാനഡെ തുടങ്ങിയവരുടെ പേരുകളാണ് ഇടേണ്ടതെന്നും രാംനായിക് ആവശ്യപ്പെട്ടു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: