ന്യൂയോര്‍ക്ക്: തങ്ങളുടെ ചാരപദ്ധതി പുറത്തുവിട്ട മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡനെ സംരക്ഷിക്കുന്ന റഷ്യന്‍ നിലപാടിന് അമേരിക്കയുടെ രൂക്ഷ വിമര്‍ശനം. സ്നോഡന് പ്രചാരണവേലകള്ക്കുള്ള വേദിയൊരുക്കുകയാണ് റഷ്യയെന്ന് അമേരിക്ക കുറ്റപ്പെടുത്തി. മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളുമായി സ്നോഡന് കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് യുഎസിന്റെ പ്രതികരണം.
മാറിയ സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സ്നോഡന് വിഷയം ചര്‍ച്ചചെയ്യാന്‍ തന്നെയാവും ഒബാമ പുടിനെ വിളിച്ചതെന്ന് വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സ്നോഡന് ആശയ പ്രചരണത്തിനുള്ള അവസരം ഒരുക്കുന്നതിലൂടെ തങ്ങള്‍ നിഷ്പക്ഷരാണെന്ന പ്രഖ്യാപനത്തില്‍ നിന്ന് റഷ്യ വ്യതിചലിക്കുകയാണ്, വൈറ്റ് ഹൗസ് വക്താവ് ജേ കാര്‍ണി പറഞ്ഞു.
അമേരിക്കന്‍ താത്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന നടപടികളിലേക്കില്ലെന്ന റഷ്യന്‍ നിലപാടിന് വിരുദ്ധമാണിതെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങളില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ കട്ടെടുക്കുന്ന അമേരിക്കയുടെ ‘പ്രിസം’ പദ്ധതി പുറത്തുവിട്ട സ്നോഡന് ജൂണ്‍ 23 നാണ് ഹോങ്കോങ്ങില്‍ നിന്ന് റഷ്യയിലെത്തിയത്. തുടര്‍ന്ന് മോസ്കോയിലെ ഷെര്മെറ്റിയെവോ വിമാനത്താവളത്തിന്റെ ട്രാന്‍സിസ്റ്റ് ഏരിയയില്‍ സ്നോഡന് നിലയുറപ്പിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുവരാത്തതിനാല്‍ സ്നോഡന് തങ്ങളുടെ മണ്ണിലിറങ്ങിയിട്ടില്ലെന്നാണ് റഷ്യയുടെ വാദം. എന്നാല്‍ തത്കാലം റഷ്യയില്‍ രാഷ്ട്രീയ അഭയം തേടിയശേഷം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേതെങ്കിലുമൊന്നില് അഭയാര്‍ഥിയായി പോകാനാണ് സ്നോഡന്റെ നീക്കമെന്നറിയുന്നു. പക്ഷേ, മോസ്കോയിലെ ഫെഡറല്‍ മൈഗ്രന്റ് സര്‍വീസ് ഓഫീസില്‍ സ്നോഡന്റെ അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: