പെരുമ്പാവൂര്‍: ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ഇന്ദിര ആവാസ് യോജന ഭവനനിര്‍മ്മാണ പദ്ധതി ഗുണഭോക്താക്കളുടെ ക്വാട്ട സംബന്ധിച്ച് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ വന്‍ ക്രമക്കേട്. ജനറല്‍ വിഭാഗത്തെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് ന്യൂനപക്ഷ സമുദായത്തിന് മുഴുവനായും നല്കുന്ന തരത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ആറ് പഞ്ചായത്തുകളിലായി 324 ഗുണഭോക്താക്കള്‍ ഉള്ളതില്‍ 209 എണ്ണവും മതന്യൂനപക്ഷത്തിനാണ് നല്‍കുന്നത്.
ജനറല്‍ വിഭാഗത്തിന് ആകെ 16 എണ്ണവും പട്ടികവര്‍ഗ വിഭാഗത്തിന് നാലെണ്ണവുമാണ് നല്‍കുന്നത്. ഇതില്‍ രണ്ട് പഞ്ചായത്തുകളില്‍ പട്ടികവര്‍ഗത്തിന് യാതൊരു ധനസഹായവും നല്‍കുന്നില്ല.
ചൂര്‍ണ്ണിക്കര, കീഴ്മാട്, വാഴക്കുളം, വെങ്ങോല, കിഴക്കമ്പലം, എടത്തല എന്നീ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് വാഴക്കുളം ബ്ലോക്കില്‍നിന്നും ഭവനനിര്‍മ്മാണ വായ്പകള്‍ ലഭിക്കുന്നത്. ഇതില്‍ ചൂര്‍ണ്ണിക്കര പഞ്ചായത്തിലും എടത്തല പഞ്ചായത്തിലും പട്ടികവര്‍ഗത്തിന് ഒരു കുടുംബത്തിനുപോലും പണം അനുവദിക്കില്ല.
ചൂര്‍ണ്ണിക്കരയില്‍ ആകെ 22 ഗുണഭോക്താക്കളില്‍ 13 എണ്ണവും മത ന്യൂനപക്ഷത്തിനാണ് നല്‍കുന്നത്. ജനറല്‍ വിഭാഗത്തിന് രണ്ടെണ്ണം മാത്രമാണുള്ളത്. കീഴ്മാട് പഞ്ചായത്തില്‍ 53 എണ്ണത്തില്‍ 33 എണ്ണം ന്യൂനപക്ഷത്തിനാണ് നല്‍കുന്നത്.
എടത്തലയില്‍ 54ല്‍ 37 എണ്ണവും കിഴക്കമ്പലത്ത് 58ല്‍ 37 എണ്ണവും വാഴക്കുളത്ത് 67ല്‍ 44 എണ്ണവും വെങ്ങോലയില്‍ 70ല്‍ 45 എണ്ണവും മതന്യൂനപക്ഷങ്ങള്‍ക്കാണ് നല്‍കുന്നത്. ഇവിടെയെല്ലാം ജനറല്‍ വിഭാഗത്തിന് അവഗണന മാത്രമാണ് ഫലം. ആറ് പഞ്ചായത്തുകളിലുമായി പത്ത് വികലാംഗര്‍ക്ക് മാത്രമാണ് ഭവനവായ്പ ഈ വര്‍ഷം അനുവദിക്കുന്നത്. ക്വാട്ട നിശ്ചയിച്ചതില്‍ വന്‍ ക്രമക്കേട് നടന്നതായും ആക്ഷേപമുയരുന്നുണ്ട്.
ജനറല്‍ വിഭാഗത്തില്‍ ഒട്ടനവധി ഭവനരഹിതര്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ താമസിക്കുന്നുണ്ട്. ഇത്തരത്തില്‍ ക്വാട്ട നിശ്ചയിച്ചതില്‍ ജനറല്‍ വിഭാഗത്തിലെ ബഹുഭൂരിപക്ഷത്തിനും ധനസഹായം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ക്വാട്ട നിശ്ചയിച്ചതിലെ അപാകത പരിഹരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ജനറല്‍ വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് കൂടി ധനസഹായം ലഭിക്കുന്നതിന് അധികൃതര്‍ സാഹചര്യമൊരുക്കണമെന്ന് വെങ്ങോല ഗ്രാമപഞ്ചായത്തംഗം ശിവന് കദളി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: