തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്നേഹം ശരിക്കും മനസ്സിലാവുക. എന്തെന്നില്ലാത്ത സ്നേഹവായ്പിനു മുമ്പില്‍ വോട്ടറന്മാരായ ജനങ്ങള്‍ അലിഞ്ഞില്ലാതെയാവും. ഇതാ വരുന്നു 2014. അധികാരത്തിന്റെ ഇടനാഴിയില്‍ സ്വച്ഛസുന്ദരമായി നടന്നതിന്റെ തരളിതമായ ഓര്മകളാല് സമൃദ്ധമാണ് സോണിയാ മെയ്നോയുടെ പാര്‍ട്ടി. ക,മ എന്നു പോലും പറയാന്‍ സ്വാതന്ത്ര്യമില്ലാത്ത സര്‍ദാര്‍ജി പത്തുകൊല്ലമായി ഒരു ബുദ്ധിമുട്ടുമില്ലാതെ തട്ടിയുരുട്ടിക്കൊണ്ടുപോവുകയാണ്. പക്ഷേ, ഇനിയത്തെ കളിക്ക് വേണ്ടത്ര കോപ്പുണ്ടോ എന്ന സംശയം ഏറെ ബലപ്പെട്ടിട്ടുണ്ട്. അതു കൊണ്ടുതന്നെ ചില സൂത്രപ്പണികള്‍ ഒപ്പിക്കാതെ തരമില്ല. അതിനായി അക്ഷീണം പ്രയത്നിക്കുന്നവര്‍ ഒടുവില്‍ ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
അങ്ങനെയാണ് ഭക്ഷ്യസുരക്ഷാ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഏത് കണാരനും സര്ദാര്ജിക്കും ഭക്ഷണമില്ലാതെ കഴിയാനാവില്ല എന്നത് സത്യം; ശാശ്വത സത്യം. അതിനെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് മേപ്പടി പരിപാടിയിലൂടെ. ദൈവം ഭക്ഷണമായാണ് വരുന്നതെങ്കില്‍ വിശക്കുന്ന ഭക്തന് ഭയഭക്തി ബഹുമാനങ്ങളോടെ വളഞ്ഞുകുത്തി നില്ക്കുകയൊന്നുമില്ല. എടുത്ത് കഴിക്കും. അതറിയുന്നവര്‍ക്ക് അതിന്റെ പിന്നിലെ കാര്യം ഒരുപക്ഷേ, പിടികിട്ടിയെന്നുവരില്ല. എന്നാല്‍ പിടികിട്ടിയവര്‍ വളരെ ഭംഗിയായി അത് നമുക്കു വരച്ചുകാണിച്ചുതരുന്നു. കാണുക, ആഹ്ലാദിക്കുക, അതിനനുസരിച്ച് പ്രവര്‍ത്തിക്കുക. ജൂലൈ 4 ന് ദ ഹിന്ദുവില്‍ വന്ന ആ വര നിങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് നോക്കുക; നന്ദി, നമസ്കാരം.
നാടോടികളെക്കുറിച്ച് എന്താണഭിപ്രായം? പ്രത്യേകിച്ച് നല്ലതൊന്നും പറയാന്‍ കാണില്ല എന്നാണോ? അതോ മഹാശല്യക്കാര്, മോഷണവീരന്മാര്‍, സാമൂഹ്യദ്രോഹികള്‍? ഇതൊക്കെയാണോ? എന്നാല്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് ഒരു നാടോടി പെണ്‍കൊടി ചെയ്ത പ്രവൃത്തി സരിതാമയത്തില് ആണ്ടിറങ്ങിക്കിടക്കുന്നവര്ക്ക് ചിന്തിക്കാന്‍ കൂടി പ്രയാസമായിരിക്കും. ഏതായാലും അത് വാര്‍ത്തയാക്കുകയും അതിനെക്കാളുപരി അതിനെ ഉപജീവിച്ച് മുഖപ്രസംഗം എഴുതുകയും ചെയ്തു മലയാള മനോരമ. ജൂലൈ ഒമ്പതിന്റെ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ഇങ്ങനെ: നാടോടി പെണ്കൊടീ നാടിന്റെ അഭിവാദ്യം. ഉപതലക്കെട്ടില്‍ ഇപ്രകാരം: നീലേശ്വരത്ത് നിന്ന് നന്മയുടെ പാഠം. നാടും വേരുമില്ലാത്ത ഒരു പതിനാറുകാരി തനിക്ക് ദാനമായി കിട്ടിയ വസ്ത്രത്തിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 11,400 രൂപ ആ വീട് തേടിപ്പിടിച്ച് തിരികെ ഏല്പ്പിച്ചതിനെക്കുറിച്ചാണ് മനോരമ വാര്‍ത്തയും തുടര്‍ന്ന് മുഖപ്രസംഗവും കുറിച്ചത്. രാവിലെ എ.കെ.രാമചന്ദ്രന് എന്നയാളുടെ വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് അവിടത്തെ കുട്ടികള്‍ സമ്മാനിച്ചതായിരുന്നു പാന്റും ഷര്‍ട്ടും. വൈകിട്ട് രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ പണമുണ്ടായിരുന്നു എന്നറിഞ്ഞത്. പിന്നെ വേവലാതിയായി. നാടോടി കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങള്‍ പരതി. പോലീസില്‍ പരാതി കൊടുത്തു. ഈ പുകിലൊന്നും അംബികയെന്ന പതിനാറുകാരിയും അമ്മൂമ്മയും അറിഞ്ഞില്ല. അവര്‍ വസ്ത്രം പരിശോധിച്ചപ്പോള്‍ പണം കണ്ട് ഞെട്ടി. ഉടനെ തന്നെ ഉടമസ്ഥന്റെ വീടുതേടിയിറങ്ങി. ഇനി മനോരമ പറയട്ടെ: കളഞ്ഞുപോയ പണത്തെ ചൊല്ലി പോലീസില്‍ പരാതി നല്കിയിട്ടുണ്ടെന്നോ അന്വേഷണം നടക്കുന്നുവെന്നോ അറിയാതെ അമ്മൂമ്മയ്ക്കൊപ്പം രാമചന്ദ്രന്റെ വീട്ടിലെത്തിയ അംബിക പണം തിരിച്ചു നല്‍കുകയായിരുന്നു. സന്തുഷ്ടരായ വീട്ടുകാര്‍ ഭക്ഷണവും പുതുവസ്ത്രങ്ങളും പാരിതോഷികവും നല്‍കിയാണ് നാടോടികുടുംബത്തെ യാത്രയാക്കിയത്. പൊലീസില്‍ നല്കിയ പരാതി പിന്‍വലിക്കുകയും ചെയ്തു. ഇനി മനോരമയുടെ അഭിപ്രായം നോക്കുക: നേരിന്റെ നല്ല പാഠങ്ങള്‍ നാടിനു സമ്മാനിക്കുന്നവര്‍ നമുക്കു മാതൃകകളായി ഇവിടെയുണ്ട്. ഇവര്‍ക്കിടയില്‍ ഈ നാടോടിപെണ്‍കൊടി അനന്യയാവുന്നത് അരികു ജീവിതത്തിന്റെ ഇല്ലായ്മയില്‍ നിന്നാണ് അവള് ഇങ്ങനെ ചെയ്തത് എന്നതുകൊണ്ടാണ്. പട്ടിണി മാറ്റാന്‍ ഒരിത്തിരിഭക്ഷണമോ ഒരു പാഴ് വസ്ത്രമോ യാചിച്ചു വന്നവള്‍ക്കു മുമ്പില്‍ ആയിരങ്ങളുടെ വലിയ നോട്ടുകള്‍ പ്രലോഭനമായതേയില്ല. ദാനം കിട്ടിയ വസ്ത്രത്തിലുണ്ടായിരുന്നത് ആ കുടുംബത്തിന് ഒരു കാലത്തും ഒന്നിച്ചു സങ്കല്പിക്കാന് പറ്റാത്ത തുകയായിട്ടുപോലും തിരികെ കൊടുക്കാന്‍ തോന്നിയ മനസ്സിനെ മഹനീയമെന്നല്ലാതെ എന്തു വിളിക്കാന്‍? അതെ, ആയിരങ്ങളും ലക്ഷങ്ങളും കണ്ട് കണ്ണ് മഞ്ഞളിച്ചവര്‍ പിന്നെയും കോടികള്‍ ഉണ്ടാക്കാന്‍ നടത്തുന്ന കുടിലശ്രമങ്ങള്ക്കുമുമ്പില് നന്മയുടെ മഹാപ്രകാശമായി നില്ക്കുന്നു അംബിക എന്ന നാടോടിപെണ്‍കുട്ടി. നാട്ടിലെ ഇമ്മാതിരി വെളിച്ചത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എടുത്തുകാട്ടിയ മനോരമ യ്ക്കും അവളുടെ അതേ മനസ്സുതന്നെയെന്ന് തോന്നിപ്പോകുന്നില്ലേ? പത്ര പ്രവര്‍ത്തനത്തിന്റെ ഉദാത്തസംസ്കാരത്തിന് മുമ്പില്‍ കൂപ്പുകൈ.
ഇനിയൊരു കുടില പത്രപ്രവര്‍ത്തനത്തിന്റെ കാലുഷ്യത്തെക്കുറിച്ചാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ പത്രത്തിന്റെ മുഖപ്രസംഗം വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടാണെന്ന് പത്രം സ്വയം സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഉത്തരാഖണ്ഡിലെ പ്രളയവും രക്ഷാദൗത്യവുമായിരുന്നു വിഷയം. തലക്കെട്ട് ഇങ്ങനെ: രക്ഷാദൗത്യത്തിന്റെ ഉദാത്ത മാതൃകകള്‍. കിട്ടിയ വടികള്കൊണ്ടൊക്കെ നരേന്ദ്രമോദിയെ തല്ലാന്‍ തക്കം പാര്‍ത്തിരിക്കുന്ന സംഘത്തിന്റെ നേതൃസ്ഥാനത്ത് കയറിപ്പറ്റിയ പത്രപ്രവര്‍ത്തക ശിങ്കങ്ങള്‍ നിയന്ത്രിക്കുന്ന മേല്‍ പത്രത്തിന് നല്ലൊരു ഇരകിട്ടിയ സന്തോഷത്തില്‍ ഇങ്ങനെ കുറിച്ചു: ദുരന്തനിവാരണത്തെയും രക്ഷാ ദൗത്യത്തെയും രാഷ്ട്രീയ മുതലെടുപ്പിന് വേദിയാക്കാനാണ് പലരുടെയും ശ്രമം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടതാണ് ഏറ്റവും വിചിത്രം. 15,000 ഗുജറാത്തികളെ താന്‍ രക്ഷിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപിയുടെ ദേശീയ പ്രചാരകനായ മോദി താന്‍ ഗുജറാത്തിന്റെ മാത്രം നേതാവാണെന്ന് പരോക്ഷമായെങ്കിലും വെളിപ്പെടുത്തുകയായിരുന്നു ആ അതിപ്രസ്താവത്തിലൂടെ. ഇവിടെ നമുക്കു തോന്നുന്നത് എന്താണ്? നരേന്ദ്രമോദി ഗുജറാത്ത് പിആര്‍ഡി വക പത്രകുറിപ്പ് ഇറക്കിയിരിക്കും. അല്ലെങ്കില്‍ മേല്‍ പത്രത്തിന്റെ അധിപനെയോ ചുരുങ്ങിയ പക്ഷം ലേഖകനെയോ വിളിച്ച് ഇങ്ങനെ പറഞ്ഞിരിക്കും എന്നല്ലേ?
എന്നാല്‍ മേപ്പടി പത്രത്തില്‍ ജൂലൈ ആറിന് പ്രഗല്ഭ പത്രപ്രവര്ത്തകന് ടി.വി.ആര് ഷേണായ് ഒരു ലേഖനം എഴുതിയിട്ടുണ്ട്. മനസ്സില്‍ കാലുഷ്യമില്ലാത്ത ആര്‍ക്കും വായിച്ചാല്‍ ആദരവ് തോന്നുന്ന ലേഖനം. പ്രളയകാലത്തെ നഷ്ടങ്ങള്‍ എന്നാണ് തലക്കെട്ട്. മുഖ പ്രസംഗത്തില്‍ പത്രാധിപര്‍ കാണിച്ചഅധിക പ്രസംഗത്തിന് ഷേണായ് കണക്കിനു കൊടുത്തു. അതിപ്രകാരം: അങ്ങനെയാണോ 15,000 ഗുജറാത്തുകാരെ രക്ഷിച്ച റാംബോ മോദിയെക്കുറിച്ചുള്ള കഥ പ്രചരിക്കാനിടയായത്? ആരെങ്കിലും, കുറഞ്ഞത് നരേന്ദ്രമോദിയെങ്കിലും അങ്ങനെയൊരു അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരങ്ങള്‍ക്ക് ദുരിതാശ്വാസമെത്തിച്ചെന്ന് മാത്രമാണ് ഒരു (ഒരേയൊരാള്‍) ബിജെപി ഭാരവാഹി പറഞ്ഞത്. നേരത്തെ വിശദീകരിച്ചപോലെത്തന്നെ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും രണ്ടും രണ്ടാണ്. പക്ഷേ, മാധ്യമങ്ങള്‍ ആശയക്കുഴപ്പത്തിനിടയാക്കി. ആയിരങ്ങള്‍ എന്നത് കൃത്യം 15,000 ആയി. നരേന്ദ്രമോദി ഒരിക്കലും അവകാശപ്പെട്ടിട്ടില്ലാത്ത കാര്യം ശുദ്ധ അസംബന്ധമെന്ന് സ്ഥാപിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമായി പിറ്റേന്ന്. ഉത്തരാഖണ്ഡില്‍ തന്റെ സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിച്ചതിനെക്കുറിച്ച് നരേന്ദ്രമോദി തുടക്കം മുതല്‍ ഒടുക്കം വരെ ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല. ചിലര്‍ സ്വന്തം മുന്‍വിധിവെച്ച് ‘വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്’ എന്ന മട്ടില്‍ പ്രതികരിച്ചു, അത്രമാത്രം.
ആദരണീയരായ കെ.പി. കേശവമേനോന്, മാധവനാര്, വി.എം. കൊറാത്ത്, വി.പി. രാമചന്ദ്രന്, ആര്.എം.മനയ്ക്കലാത്ത് എന്നിവരൊക്കെ ഇരുന്ന കസേരയില്‍ ഇവരുടെ പേര് പോലും പറയാന്‍ അര്‍ഹതയില്ലാത്തവര്‍ ഇരുന്നാല്‍ വസ്തുതകള്‍ വസ്ത്രാക്ഷേപത്തിന് ഇരയാവും എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുവേണോ? മനസ്സിലെ രാഷ്ട്രീയം നിഷ്പ്പക്ഷതയുടെ ശ്രീകോവിലിലേക്ക് വലിച്ചെറിയുന്നവര്‍ക്ക് സത്യം സമത്വം സ്വാതന്ത്ര്യം എന്നു പറയാന്‍ അര്‍ഹതയുണ്ടോ? ഏതായാലും ഉര്‍വശീശാപം ഉപകാരം എന്ന പോലെ മുഖപ്രസംഗവും (മാതൃഭൂമി ജൂണ്‍ 28 വെള്ളി) ലേഖനവും (അതേപത്രം ജൂലൈ 06 ശനി) ഒരേ പത്രത്തിലെ ഒരേ പേജില്‍ വന്നു എന്ന് സമാധാനിക്കുക. നരേന്ദ്രമോദിക്കെതിരെ ആയുധം കൂര്‍പ്പിച്ച് തക്കം പാര്ത്തിരിക്കുന്നവര് ഒന്നറിയണം. ഇതൊന്നും വായിച്ചല്ല നരേന്ദ്രമോദിയെ ജനസഹസ്രങ്ങള്‍ ആദരിക്കുന്നതും സ്നേഹിക്കുന്നതും. പത്രപ്രവര്‍ത്തനത്തിന്റെ വിശുദ്ധിയും വസ്തുനിഷ്ഠതയും അത്യാവശ്യം മനോരമ യില്‍ നിന്നും കണ്ടു പഠിക്കാം. നാടോടി ബാലികയുടെ പ്രവൃത്തിയെക്കുറിച്ച്എഴുതിയ മുഖപ്രസംഗം തന്നെ ഏറ്റവും നല്ല പാഠം.
ഇസ്രത്ത് ജഹാന്റെ മരിച്ച ശരീരത്തിലേക്ക് കവി (കവയിത്രിവേണമെന്നില്ല) വിജയലക്ഷ്മി നടത്തിയ പരകായ പ്രവേശം ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പി (ജൂലൈ 14) ല്‍. മേപ്പടി ഇസ്രത്തും പ്രാണേഷ് കുമാറും മറ്റും മറ്റും നമ്മുടെ മുമ്പില്‍ തിമിര്‍ത്താടുകയാണ്. കാവുകളില്‍ തെയ്യം, തിറ കെട്ടിയാടുമ്പോള്‍ ചൂട്ട് കത്തിച്ച് കാണിക്കാറുണ്ട്. പദവിന്യാസ ചടുതലയും രൗദ്രതയും ഒന്നുകൂടി ആ വെളിച്ചത്തില്‍ തീവ്രമാവും.അത്തരമൊരു തീവ്രവികാരം പടര്ത്താനാവാം വിജയലക്ഷ്മി ഇമ്മാതിരിയൊരു കസര്‍ത്തിന് (ഊഴത്തിന്റെ വഴി) ഇറങ്ങിപ്പുറപ്പെട്ടത്. താന്‍ നേരത്തെ പറഞ്ഞത് ശരിയായില്ലേ എന്ന ധാര്‍ഷ്ട്യമാണ് അക്ഷരങ്ങളില്‍ അമ്പു കൂര്‍പ്പിച്ചു നില്‍ക്കുന്നത്. 2004 ജൂലൈ 11 ന് അവര്‍ എഴുതിയ ഊഴം എന്ന കവിത (തല്ക്കാലം കവിതയെന്ന് വിളിക്കുക) പുനഃപ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
കെ. മോഹന്‍ദാസ്
തൊട്ടുകൂട്ടാന്‍
പുലര്‍കാല കിരണങ്ങളേറ്റുവാങ്ങി
പുളികിതയായിതെന്,കലാലയം
ഓര്മയില്മായില്ല, മറക്കുവാന്‍ കഴിയില്ല
‘മഹാരാജാസേ’ നിന്നെ
ഒരുമാത്രപോലും……!
നമിതസേതുമാധവന്
കവിത: മഹാരാജാസിന്
മാധ്യമം ആഴ്ചപ്പതിപ്പ് (ജൂലൈ 15)
പ്രതികരിക്കാൻ ഇവിടെ എഴുതുക: