കോട്ടയം: മീനച്ചിലാറ്റിലെ കുത്തൊഴുക്കില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കിലോമീറ്ററുകള്‍ അകലെ ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തി. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ബോട്ടിലെത്തി തടഞ്ഞു നിര്‍ത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് നീക്കി. പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക കൈമാറി.
പാറമ്പുഴ വെളുത്തേടത്ത് കടവില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒഴുക്കില്‍പ്പെട്ടാണ് തിരുവഞ്ചൂര്‍ വേലായുധത്തില്‍ വാടകയ്ക്കു താമസിക്കുന്ന കറുകച്ചാല്‍ പുതുപ്പറമ്പില്‍ സുനില്‍ ജോണിന്റെ മകന് അനന്തു (14), തിരുവഞ്ചൂര്‍ ചെട്ടിപ്പറമ്പ് മാരിയന്കുളം ബാലകൃഷ്ണന്റെ മകന് എസ്. ദീപു (15) എന്നിവരെ കാണാതായത്. അനന്തുവിന്റെ മൃതദേഹം വെട്ടിക്കാട്ടു നിന്നും ദിപുവിന്റെ മൃതദേഹം ഇല്ലിക്കല്‍ പാണംപടി പള്ളിക്കു സമീപത്തു നിന്നുമാണ് കിട്ടിയത്. രണ്ടു പേരുടേയും സംസ്കാരം ശനിയാഴ്ച നടക്കും.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ പാറമ്പുഴയിലെ മീന്‍ പിടിക്കുവാനായി നിര്‍മ്മിച്ചിരുന്ന പുലിമുട്ടില്‍ കയറി വെള്ളത്തിലേക്ക് ചാടി കളിക്കുന്നതിനിടയിലാണ് ഇവര്‍ കുത്തൊഴുക്കില്‍ അകപ്പെട്ടത്. ഇവരോടൊപ്പം കളിച്ചിരുന്ന പാറമ്പുഴ ചെട്ടിപ്പറമ്പ് കുഴിക്കാട്ട് ശ്യാം (14) അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
കോട്ടയം എം.ഡി.സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനന്തു. ദീപു പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: