കൊച്ചി: ബാലഗോകുലത്തിന്റെ 38-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. മൂന്നുദിവസം നീണ്ടു നില്ക്കുന്ന വാര്‍ഷിക സമ്മേളനത്തിന് സ്ത്രീശക്തി സമ്മേളനത്തോടെയാണ് ഇന്നലെ തുടക്കം കുറിച്ചത്. ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി സമ്മേളനത്തിന്റെ ഉദ്ഘാടനം ചലച്ചിത്രനടി കവിയൂര്‍ പൊന്നമ്മ നിര്‍വ്വഹിച്ചു.
സ്ത്രീശക്തിയെക്കുറിച്ചും സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചാവേദിയായി സമ്മേളനം മാറി. അധര്‍മം വെടിഞ്ഞ് ധര്‍മത്തിന്റെ പാതയിലേക്ക് നാം തിരിച്ചുപോകണമെന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു സമ്മേളനം. യുവതലമുറയുടെ അത്യാഗ്രഹവും അതുമൂലമുണ്ടാകുന്ന ആപത്തും സമ്മേളനം ചര്‍ച്ചചെയ്തു.
പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയെ കവിയൂര്‍ പൊന്നമ്മ പൊന്നാടയണിയിച്ച് ആദരിച്ചു. മലയാള ചലച്ചിത്ര ശാഖയ്ക്ക് കവിയൂര്‍ പൊന്നമ്മ നല്കിയ സംഭാവനകള്‍ക്ക് ആദരമായി ഉപഹാരവും ചടങ്ങില്‍ ശ്രീകുമാരി രാമചന്ദ്രന് നല്കി. ശ്രീകുമാരി രാമചന്ദ്രന് അധ്യക്ഷ പ്രസംഗവും ശോഭാസുരേന്ദ്രന് മുഖ്യപ്രഭാഷണവും നടത്തി. ബാലഗോകുലം ജില്ലാഭഗിനീ പ്രമുഖ സുധാകുമാരി സ്വാഗതവും ബിന്ദു മുരളീധരന് നന്ദിയും പറഞ്ഞു.
ഇന്നലെ ആരംഭിച്ച വാര്‍ഷിക സമ്മേളനം ഞായറാഴ്ച സമാപിക്കും. സമ്മേളനങ്ങളുടെ ഭാഗമായി പ്രതിനിധി സമ്മേളനവും ആദരപൂര്‍വം തുടങ്ങിയ പരിപാടികളും നടക്കും.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: