തളിപ്പറമ്പ്: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും ഗുജറാത്ത് മുന്ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ പറഞ്ഞു. ഇന്നലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വിവാദങ്ങള്‍ താനെ കെട്ടടങ്ങുമെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ഗുജറാത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അമിത്ഷാ പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നടക്കാത്ത വികസനമാണ് നരേന്ദ്രമോദി ഗുജറാത്തില്‍ നടപ്പിലാക്കിയത്. പുതിയ തലമുറയുടെ സ്വപ്നമാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കുന്നത്. മോദിയെ ചൊല്ലി പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ്. അഹമ്മദാബാദിന്റെ ഓരോ തെരുവുകളിലും മലയാളികളെ കാണാന്‍ കഴിയും. അവര്‍ അവിടെ തീര്‍ത്തും സുരക്ഷിതരാണ്. ഒരൊറ്റ എംപി പോലും ഇല്ലാതിരുന്നിട്ടും ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തില്‍ നിന്നും രാജാജിയെ (ഒ.രാജഗോപാലിനെ) മന്ത്രിയാക്കിയത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ പ്രമുഖ ജ്യോതിഷപണ്ഡിതന് സദനം മാധവ പൊതുവാളിനോടൊപ്പം ഇന്നലെ രാവിലെ ഏഴരയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട് നേര്‍ന്ന ഇദ്ദേഹം ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിലേക്ക് സംഭാവന നല്കിയ ശേഷം പയ്യന്നൂര്‍ വഴി മംഗലാപുരത്തേക്ക് പോയി.
മുമ്പും പലതവണ താന്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത് തന്നെ വീണ്ടും ദര്ശനത്തിനെത്തുമെന്നറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ ക്ഷേത്രജീവനക്കാരായ സി.പി. ബാലദേവന്, എം.നാരായണന് നമ്പ്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അഹമ്മദാബാദില്‍ നിന്നുള്ള രണ്ട് സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: