കാസര്‍കോട്: സീറോലാന്റ്ലസ് (ഭൂരഹിത കേരളം) പദ്ധതിയിലൂടെ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുന്നത് മൂവായിരത്തോളം കോളനികള്‍. ആദിവാസിവിഭാഗങ്ങള്‍ ഉള്‍പ്പെടെ മൂന്ന് ലക്ഷം ഭൂരഹിതരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളനിയില്‍ നിന്നും കൃഷിഭൂമിയിലേക്കെന്ന ആഹ്വാനവുമായി ആദിവാസി വിഭാഗങ്ങള്‍ പതിറ്റാണ്ടുകളായി നടത്തിവരുന്ന സമരത്തിനിടയിലാണ് ഭൂരഹിതരുടെ ‘സര്‍ക്കാര്‍ സ്പോണ്‍സേഡ് കോളനികള്‍’ക്ക് നീക്കം നടക്കുന്നത്. കൃഷിഭൂമിക്കായുള്ള ആദിവാസികളുടെഅവകാശത്തെ കുഴിച്ചുമൂടാനുള്ള നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.
മൂന്ന് സെന്റ് ഭൂമി നല്കി ഭൂരഹിതരെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് സംസ്ഥാനത്തെ എണ്‍പത് ശതമാനത്തോളം വില്ലേജുകളിലും ഭൂമി കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടമായി 1,514 പ്രദേശങ്ങളാണ് ഇതില്‍ പെടുന്ന്. 50 മുതല്‍ 300 വരെ കുടുംബങ്ങളെയാണ് ഒരുപ്രദേശത്ത് ഉള്‍ക്കൊള്ളാനാകുക. ഇത്തരത്തില്‍ മൂവായിരത്തോളം കോളനികള്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടും. സമരം ചെയ്ത് നേടിയ പുനരധിവാസ ഭൂമിയില്‍ പോലും ദുരിതജീവിതം സമ്മാനിക്കുന്ന ഭരണകൂടം ‘ഭൂരഹിത കോളനി’യില്‍ എന്ത് നല്‍കുമെന്നാണ് കണ്ടറിയേണ്ടത്.
മൂന്ന് സെന്റ് ഭൂമിയില്‍ പുനരധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആദിവാസി സംഘടനകള്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. പട്ടികവര്‍ഗവകുപ്പുമായി പദ്ധതി സംയോജിപ്പിച്ച് ആദിവാസി വിഭാഗങ്ങള്‍ക്ക് ഒരേക്കര്‍ വരെ ഭൂമി നല്‍കുമെന്നാണ് അടുത്തിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്ന് സീറോലാന്റ്ലസ്പദ്ധതിയിലെ നടപടി ക്രമങ്ങള്‍ വ്യക്തമാക്കുന്നു.
മൂന്നുലക്ഷം പേര് ഗുണഭോക്താക്കളാകുന്ന പദ്ധതിയുടെ ആദ്യഘട്ടമായി ആഗസ്റ്റ് 15നുമുമ്പ് ഒരുലക്ഷം പേര്‍ക്ക് ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദിവാസി വിഭാഗങ്ങളിലെ മുഴുവന്‍ ഭൂരഹിതരെയും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന ജോയിന്റ് ലാന്റ് റവന്യു കമ്മീഷണര്‍ വി. രതീശന് ‘ജന്മഭൂമി’യോട് പറഞ്ഞു. ഒരുലക്ഷം പേര്‍ക്ക് വിതരണം ചെയ്യേണ്ട ഭൂമി തന്നെ അതാത് ജില്ലകളില്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ നാല്പതിനായിരത്തോളം അപേക്ഷകര്‍ക്ക് മറ്റ് ജില്ലകളിലാണ് ഭൂമി നല്കാന് തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ഇതിനിടയില്‍ ആദിവാസികള്‍ക്ക് കൂടുതല്‍ ഭൂമി ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒന്നും തന്നെ തുടങ്ങിയിട്ടില്ല. പദ്ധതിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് അധികൃതര്‍ വിശദീകരിക്കുമ്പോഴും ആദിവാസികള്‍ക്കും മൂന്ന് സെന്റ് ഭൂമി മാത്രമാണ് ലഭിക്കുകയെന്ന് വ്യക്തം. ആദ്യഘട്ടത്തില്‍ തന്നെ റവന്യു ഭൂമി കണ്ടെക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രണ്ടാംഘട്ടത്തില്‍ ഭൂമി വിലയ്ക്കുവാങ്ങാനാണ് സര്‍ക്കാര്‍ നീക്കം.
കോളനികളില്‍ സാമൂഹികമായി തളച്ചിടപ്പെട്ട ആദിവാസി വിഭാഗങ്ങളുടെ മുഖ്യധാരയിലെത്താനുള്ള നീണ്ടകാലത്തെ പരിശ്രമങ്ങള്‍ക്കാണ് ഭൂരഹിത കേരളം പദ്ധതി തുരങ്കം വയ്ക്കുന്നത്. സംസ്ഥാനത്ത് ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിനല്കാന് സര്‍ക്കാരിന്റെ കയ്യില്‍ ഭൂമിയില്ലെന്നവാദവും മുഖവിലയ്ക്കെടുക്കാനാകില്ല. ഹാരിസണും ടാറ്റയും പോലുള്ള വന്‍കിട കമ്പനികള്‍ കയ്യേറിയ ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെയാണ് ഈ വാദം.
പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ തിരിച്ചുപിടിക്കുന്നതിനും സര്‍ക്കാരിന് വിമുഖതയാണ്. അഞ്ച് ശതമാനം സര്‍ക്കാര്‍ഭൂമി ടൂറിസംവികസനത്തിന്റെ പേരില്‍ റിസോര്‍ട്ട് മാഫിയകള്‍ക്ക് നിയന്ത്രണമില്ലാതെ പാട്ടത്തിന് നല്‍കിയിരിക്കുമ്പോഴും ആദിവാസികള്‍ക്ക് ഭൂമിയില്ലെന്ന ന്യായമാണ് അധികൃതര്‍ക്ക്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാതെയും വനാവകാശനിയമം നടപ്പിലാക്കാതെയും മൂന്നുസെന്റ് ഭൂമിനല്‍കി ആദിവാസികളെ ‘ഭൂവുടമ’കളാക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനിരിക്കുകയാണ് ആദിവാസി സംഘടനകള്‍.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: