ഡാര്‍വിന്‍: ചേട്ടന്മാര്‍ക്ക് പിന്നാലെ അനുജന്മാരും ക്രിക്കറ്റില്‍ വെന്നിക്കൊടി പാറിച്ചു. ഓസ്ട്രേലിയയില്‍ നടന്ന അണ്ടര്‍ 19 ത്രിരാഷ്‌ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഇന്ത്യന്‍ യുവനിര കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ആതിഥേയരായ ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യന്‍ കൗമാരനിര കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 24.4 ഒാവറില്‍ വെറും 75 റണ്‍സിന് ഇന്ത്യന്‍ ചുണക്കുട്ടികള്‍ ചുരുട്ടിക്കൂട്ടി. ഓസ്ട്രേലിയന്‍ നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 25 റണ്‍സെടുത്ത മാത്യു ഷോട്ടാണ് ടോപ് സ്കോറര്‍. ജാക്ക് ഡൊറാന്‍ 13ഉം ഡാമിയന്‍ മോര്‍ട്ടിമര്‍ 10 റണ്‍സും നേടി. ന്യൂസിലാന്റായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നാമത്തെ ടീം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ടീം 204 പന്തുകള്‍ ബാക്കിനില്‍ക്കേ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. പുറത്താകാതെ 40 റണ്‍സ് നേടിയ അങ്കുഷ് ബെയ്ന്‍സും 20 റണ്‍സ് നേടി പുറത്താകാതെ നിന്ന മലയാളിയും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായ സഞ്ജു വി. സാംസണും ചേര്‍ന്നാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. ഇന്ത്യയുടെ ദീപക് ഹൂഡയാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിജയ് സോള്‍ മാന്‍ ഓഫ് ദി സീരീസുമായി. ഒറ്റ മത്സരവും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിജയ് സോള്‍ ഓസീസിനെ ബാറ്റിങ്ങിനയച്ചു. ഒന്നാം വിക്കറ്റില്‍ ഓസ്ട്രേലിയ 36 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഷോട്ട് പുറത്തായതോടെ അവരുടെ തകര്‍ച്ചയും തുടങ്ങി. അവസാന ഒമ്പത് വിക്കറ്റുകള്‍ ഓസ്ട്രേലിയക്ക് നഷ്ടമായത് വെറും 39 റണ്‍സെടുക്കുന്നതിനിടെയാണ്. ഇന്ത്യക്ക് വേണ്ടി ദീപക് ഹൂഡ മൂന്ന് വിക്കറ്റും അഭിമന്യൂ ലാംബ, ചമ മിലിന്ദ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.
76 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ബെയിന്‍സും സഞ്ജുവും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്കോര്‍ 11-ല്‍ നില്‍ക്കേ അഖില്‍ ഹെര്‍വാഡ്കറും 21-ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ വിജയ് സോളുമാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: