കെയ്റോ: പട്ടാളം ഭരണം പിടിച്ചെടുത്ത ഈജിപ്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. മുര്‍സിയെ വീട്ടുതടങ്കലിലാക്കിയതില്‍ പ്രതിഷേധിച്ച് കലാപം അഴിച്ചുവിട്ട മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ബേദി ഉള്‍പ്പടെ പത്ത് നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. ജനങ്ങളെ കലാപിക്കുന്നുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുര്‍സി അനുകൂലികള്‍ക്കു നേരെയുള്ള സൈന്യത്തിന്റെ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം 51 പേര് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ബേദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതിനിടെ ഇടക്കാല സര്‍ക്കാരില്‍ ചേരാനുള്ള ക്ഷണം മുസ്ലീം ബ്രദര്‍ഹുഡ് തള്ളി. ഇടക്കാല പ്രധാനമന്ത്രിയായി നിയമിതനായ ഹസം ബെബ്ലാവിയുടെ ക്ഷണമാണ് മുസ്ലിം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി തള്ളിയത്. റംസാന് വ്രതത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശമിക്കുമെന്ന പ്രതിക്ഷയിലാണ് ഇടക്കാല സര്‍ക്കാര്‍.
അതേസമയം പ്രക്ഷോഭപാതയില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് ബ്രദര്‍ഹുഡിന്റെ തീരുമാനം. ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പരിഹാരം കാണമെന്ന പട്ടാളം നിയമിച്ച ഇടക്കാല പ്രസിഡന്റ് അഡ്ലി മന്‍സൂറിന്റെ നിര്‍ദേശം സ്വീകാര്യമല്ലെന്ന് മുസ്ലിം ബ്രദര്‍ഹുഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
2011ല്‍ ഹോസ്നി മുബാറക്കിനെ പുറത്താക്കിയ ജനകീയ വിപ്ലവത്തെ തുടര്‍ന്ന് 2012 ജൂണിലാണ് മുര്‍സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: