പോര്‍ട്ട് ഓഫ് സ്പെയിന്: പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ ഉജ്ജ്വല പ്രകടനത്തിന്റെ കരുത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക തന്നെയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നലെ പുലര്‍ച്ചെ അവസാനിച്ച നിര്‍ണായ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 81 റണ്‍സിനാണ് ഇന്ത്യ ലങ്കയെ തകര്‍ത്തെറിഞ്ഞത്. ബോണസ് പോയിന്റോടെ ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് ഫൈനലില്‍ ഇടംപിടിച്ചത്. ചാമ്പ്യന്‍സ് ട്രോഫി കിരീടധാരണത്തിനുശേഷം മറ്റൊരു കിരീടം കൂടി സ്വന്തമാക്കാനുള്ള അവസരമാണ് ടീം ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. മഴ മൂലം 29 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ സ്വിംഗ് ബൗളിംഗാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ആറോവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ വെറും എട്ടു റണ്‍സ് മാത്രം വഴങ്ങി നാല് മുന്‍നിര ലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. 16 ഏകദിനങ്ങള്‍ കളിച്ച ഭുവനേശ്വര്‍ കുമാറിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 29 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 24.4 ഓവറില്‍ 96 റണ്‍സിന് ഓള് ഔട്ടാക്കിയാണ് ഇന്ത്യ മികച്ച വിജയവും ഫൈനല്‍ സ്ഥാനവും ഉറപ്പിച്ചത്.
നേരത്തെ ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഇന്ത്യന്‍ സ്കോറിംഗിന് വേഗത വളരെ കുറവായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മക്കും ശിഖര്‍ ധവാനും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. സ്കോര്‍ 27 റണ്‍സിലെത്തിയപ്പോള്‍ 15 റണ്‍സെടുത്ത ധവാന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് കോഹ്ലിയും രോഹിതും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു. 15 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 50 കടന്നു. ഒടുവില്‍ 20.3 ഓവറില്‍ സ്കോര്‍ 76 റണ്‍സിലെത്തിയപ്പോള്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് നഷ്ടമായി. 52 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറികളോടെ 31 റണ്‍സെടുത്ത കോഹ്ലിയെ ഹെറാത്ത് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തികിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 111-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത കാര്‍ത്തികിനെ ഹെറാത്ത് ബൗള്‍ഡാക്കി. ഇന്ത്യന്‍ സ്കോര്‍ 24.5 ഓവറിലാണ് 100 റണ്‍സിലെത്തിയത്. പിന്നീട് 29 ഓവറില്‍ സ്കോര്‍ 119-ല്‍ എത്തിയപ്പോള്‍ എത്തിയ മഴ കളിതടസ്സപ്പെടുത്തി. പിന്നീട് നാല് മണിക്കൂറിലേറെ നീണ്ട മഴക്കുശേഷം കളി പുനരാരംഭിച്ചപ്പോള്‍ മത്സരം 26 ഓവറായി പുനര്‍നിശ്ചയിച്ചു.
ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്കയുടെ വിജയലക്ഷ്യം 26 ഓവറില്‍ 178 റണ്‍സായി പുനര്‍നിര്‍ണയിച്ചു. തുടക്കത്തില്‍ തന്നെ ഭുവനേശ്വര്‍ കുമാറിന്റെ പേസ് ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കക്ക് ഒരിക്കല്‍പ്പോലും ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ലങ്കയ്ക്കായില്ല. സ്കോര്‍ ബോര്‍ഡില്‍ 14 റണ്‍സുള്ളപ്പോള്‍ ഉപുല്‍ തരംഗയെയും (6), സംഗക്കാരയെയും (0) ഭുവനേശ്വര്‍കുമാര്‍ പവലിയനിലേക്ക് മടക്കി. സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ജയവര്‍ദ്ധനയെ ഭുവനേശ്വര്‍ മുരളി വിജയിന്റെ കൈകളിലെത്തിച്ചു. നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും തിരിമന്നെയെ ഭുവനേശ്വര്‍ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചതോടെ ലങ്ക 4ന് 31 എന്ന നിലയില്‍ തകര്‍ന്നു. പിന്നീട് ചണ്ടിമലും മാത്യൂസും ചേര്‍ന്ന് സ്കോര്‍ 56-ല്‍ എത്തിച്ചെങ്കിലും 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ മാത്യൂസിനെ രവീന്ദ്ര ജഡേജ ദിനേശ് കാര്‍ത്തികിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 63-ല്‍ എത്തിയപ്പോള്‍ ലങ്കന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ചണ്ടിമലും മടങ്ങി. 26 റണ്‍സെടുത്ത ചണ്ടിമലിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ കാര്‍ത്തിക് സ്റ്റാമ്പ് ചെയ്തു. സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ജീവന് മെന്‍ഡിസിനെ അശ്വിന് ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ ദില്‍ഹാര (6)യെയും ഹെറാത്തിനെയും (4) ഇഷാന്ത് ശര്‍മ്മയും മലിംഗയെ (7), ഉമേഷ് യാദവും മടക്കിയതോടെ 96 റണ്‍സിന് ലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍കുമാറിന് പുറമെ ഇഷാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകളും ഉമേഷ് യാദവും അശ്വിനും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: