ദുബായ്: ലോക ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നെതര്‍ലന്റ്സുമായി ടൈ ആയതോടെ അയര്‍ലന്റ് 2015-ല്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിലേക്ക് യോഗ്യത നേടി. അയര്‍ലന്റിന്റെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് യോഗ്യതയാണ് ഇത്തവണത്തേത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 268 റണസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്റ്സും 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 268 റണ്‍സ് നേടിയതോടെയാണ് മത്സരം ടൈ ആയത്.
ജോണ്‍ മൂണി എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു നെതര്‍ലന്റ്സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ നാല് പന്തുകളില്‍ നിന്ന് രണ്ട് റണ്‍സ് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഇതിനിടെ എഡ്ഗാര്‍ ഷിഫ്റേലി പുറത്താവുകയും ചെയ്തു. എന്നാല്‍ അവസാന രണ്ട് പന്തുകളില്‍ നിന്ന് സിക്സറും ബൗണ്ടറിയും നേടിയ റിപ്പോണാണ് മത്സരം ടൈയിലെത്തിച്ചത്. സമനില പാലിച്ചതോടെ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാം ടീമാകാനുള്ള ഡച്ച് പ്രതീക്ഷകള്‍ക്ക് ചിറകുവച്ചിരിക്കുകയാണ്.
12 കളികളില്‍ നിന്ന് ഒമ്പത് ജയങ്ങളുമായി 20 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് അയര്‍ലന്റ് ലോകകപ്പിന് യോഗ്യത നേടിയത്. ടൂര്‍ണമെന്റില്‍ കളിക്കുന്ന മറ്റ് ടീമുകളായ സ്കോട്ട്ലന്റ്, അഫ്ഗാനിസ്ഥാന്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, നെതര്‍ലന്റസ് എന്നീ രാജ്യങ്ങളില്‍ നിന്നും ഒരു ടീം കൂടി ലോകകപ്പിന് യോഗ്യത നേടും. ഓസ്ട്രേലിയ ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യമരുളുന്ന ഐസിസി ലോകകപ്പ് 2015ലാണ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് എഡ് ജോയ്സ് പുറത്താകാതെ നേടിയ 96 റണ്‍സിന്റെയും, നീല്‍ ഒബ്രിയാന് (50), പോവ് സ്റ്റര്‍ലിങ് (49) എന്നിവരുടെയും മികച്ച ഇന്നിംഗ്സുകളുടെ കരുത്തിലാണ് 268 റണ്‍സെടുത്തത്.
രണ്ടാമത് ബാറ്റ് ചെയ്ത നെതര്‍ലാന്റ്സ് 25.5 ഓവറില്‍ ഒന്നിന് 135 എന്ന ശക്തമായ നിലയില്‍ നിന്ന് നാലിന് 142 എന്ന നിലയിലേക്ക് മൂക്കുകുത്തിയതാണ് ഡച്ച് ടീമിന് തിരിച്ചടിയായത്. നെതര്‍ലന്റ്സിന് വേണ്ടി വെസ്ലി ബെറേസി (46)യാണ് ടോപ് സ്കോറര്‍. എറിക് (44), വാന്ബംഗ് (45), കൂപ്പര്‍ (38), മൈബര്‍ഗ് (35) എന്നിവര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. ഒരുഘട്ടത്തില്‍ അഞ്ചിന് 210 എന്ന നിലയില്‍ അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്ന നെതര്‍ലന്റ്സിന് 46 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: