മട്ടാഞ്ചേരി: കയറ്റുമതിക്ക് കരുതിവെച്ചിരുന്ന 68,000 ടണ്‍ കുരുമളകില് മായം കണ്ടെത്തി. ഇതെത്തുടര്‍ന്ന് 300 കോടി രൂപ വിലവരുന്ന കുരുമുളക് നശിപ്പിക്കേണ്ടിവരും. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ്സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് എക്സ്ചേഞ്ചിലെ കുരുമുളക് മായം കലര്‍ന്നതെന്ന് കണ്ടെത്തിയത്. നാഷണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സൂക്ഷിച്ച കുരുമുളക് മായം കലര്‍ന്നതാണെന്ന് സര്‍ക്കാരിന്റെ പരിശോധന റിപ്പോര്‍ട്ട്. ഇത്രയും കുരുമുളക് നശിപ്പിക്കുയോ സംസ്കരിക്കുകയോ വേണമെന്നാണ് നിര്‍ദ്ദേശം. രണ്ടായാലും കയറ്റുമതി രംഗത്ത് കനത്ത തിരിച്ചടിക്കു കാരണമാകുന്നതാണ് ഈ കണ്ടെത്തല്‍.
നാഷണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ കൊച്ചി വെയര്‍ഹൗസില്‍ വ്യാപാരി-കാര്‍ഷിക വിപണികേന്ദ്രങ്ങള്‍ സൂക്ഷിച്ചതാണ് കുരുമുളക് ശേഖരം. 300 കോടി രൂപ വിലയുള്ള 68,000 ടണ്‍ കുരുമുളകാണ് അവധി-റെഡി വിപണിയിലേക്കുള്ള ശേഖരമായി ഉണ്ടായിരുന്നത്. ദേശീയ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മിനറല്‍ ഓയില്‍ മിശ്രിതമുള്ളതാണ് കുരുമുളകെന്നും ഇത് ഭക്ഷ്യയോഗ്യമല്ലെന്നും പറയുന്നു. മായംകലര്‍ന്ന കുരുമുളക് നശിപ്പിക്കുകയോ സംസ്കരിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഏജന്‍സിയുടെ കണ്ടെത്തല്‍ സ്പൈസസ് ബോര്‍ഡ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കയാണെന്നും അറിയുന്നു.
2012 ഡിസംബറിലാണ് അവധി-റെഡി വിപണികളില്‍ കുരുമുളക് വ്യാപാരം നടന്നതിനെക്കുറിച്ച് വിവാദമുയര്‍ന്നത്. രാജ്യത്തെ മൊത്തം കുരുമുളക് ഉല്‍പ്പാദനത്തിന്റെ 15 ശതമാനമാണ് ദേശീയ ഉല്‍പ്പന്ന എക്സ്ചേഞ്ചില്‍ ശേഖരിച്ചിരിക്കുന്നത്. ഗുണനിലവാരത്തിന്റെ പേരില്‍ വ്യാപാരികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് എക്സ്ചേഞ്ചില്‍ ശേഖരിച്ച കുരുമുളകിന്റെ പരിശോധനയില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് അവധി വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തു. ദേശീയ എക്സ്ചേഞ്ചിലെ കുരുമുളക് പരിശോധന നീണ്ടുപോകുന്നതുമൂലം മിര്‍ച്ചി മര്‍ച്ചന്റ് പ്രതിഷേധവുമായി രംഗത്ത് വരികയും നിയമനടപടിക്കൊരുങ്ങുകയും ചെയ്തിരുന്നു. ദേശീയ എക്സ്ചേഞ്ചിലെ 68,000 ടണ്‍ ശേഖരത്തിലെ 68 ലോട്ടുകളാണ് ഇതിനകം ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധിച്ചത്. കുരുമുളക് കയറ്റുമതിമേഖലയിലും വിദേശവിപണിയിലും ഏറെ തിരിച്ചടി സൃഷ്ടിക്കാവുന്നതാണ്. കുരുമുളകില്‍ മായം കലര്‍ന്ന റിപ്പോര്‍ട്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: