ടോക്കിയോ: ജപ്പാനിലെ പ്രശസ്തമായ ഫുക്കുഷിമ ആണവ നിലയത്തിന്റെ മുന്‍ തലവന്‍ മസാവോ യോഷിഡ അന്തരിച്ചു. 58 വയസായിരുന്നു. അന്നനാളത്തിലെ അര്‍ബുദ ബാധമൂലം ടോക്കിയോയിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
2011ലെ സുനാമിയില്‍ വ്യാപകമായ കേടുപാടുകള്‍ സംഭവിച്ച ഫുക്കുഷിമ നിലയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ യോഷിഡ നടത്തിയ യത്നങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സുനാമിത്തിരമാലകള്‍ മുക്കിയ പ്ലാന്റിനുള്ളില്‍ ഒരു ചെറിയ സംഘത്തോടൊപ്പം തങ്ങിയാണ് യോഷിഡ ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
റിയാക്റ്ററുകളിലെ ശീതീകരണ സംവിധാനങ്ങള്‍ തകരാറിലായത് ദുരന്ത ഭീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ കടല്‍വെള്ളം റിയാക്റ്റുകളിലേക്ക് പമ്പുചെയ്യുന്ന നടപടി നിര്‍ത്തിവയ്ക്കണമെന്ന ഭരണകൂടത്തിന്റെ നിര്‍ദേശം അവഗണിച്ച യോഷിഡയുടെ തീരുമാനം വന്‍ ദുരന്തത്തില്‍ നിന്ന് ജപ്പാനെ രക്ഷിച്ചു. എന്നാല്‍ സുനാമിയെ നേരിടാന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനവും അദ്ദേഹത്തിനെതിരേ വന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ 2011 ഡിസംബറിലാണ് ഫുക്കുഷിമയുടെ നേതൃസ്ഥാനം യോഷിഡ ഒഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: