നോട്ടിംഘാം: ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ ആഷസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ന് നോട്ടിംഘാമില് ആരംഭിക്കും. രണ്ടാം ടെസ്റ്റ് 18 മുതല്‍ ലോഡ്സിലും മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് ഒന്ന് മുതല്‍ മാഞ്ചസ്റ്ററിലും നാലാം ടെസ്റ്റ് ഓഗസ്റ്റ് 9 മുതല്‍ ചെസ്റ്റര്‍ ലീ സ്ട്രീറ്റിലും അവസാന ടെസ്റ്റ് കെന്നിംഗ്ടണ്‍ ഓവലില്‍ ഓഗസ്റ്റ് 21 മുതലുമാണ് നടക്കുക. കഴിഞ്ഞ രണ്ട് ആഷസിലും കിരീടം നഷ്ടപ്പെട്ട ഓസ്ട്രേലിയ പരമ്പര തിരിച്ചുപിടിക്കാനായാണ് ഇംഗ്ലണ്ടിലെത്തിയതെങ്കില് ആതിഥേയര്‍ക്ക് കിരീടം നിലനിര്‍ത്തുക എന്നതാണ് വെല്ലുവിളി.
1882-83 സീസണിലാണ് ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരക്ക് തുടക്കം കുറിച്ചത്. ആഷസിന്റെ ചരിത്രത്തിലെ 67-ാം പരമ്പരക്കാണ് ഇന്ന് തുടക്കമാകുന്നത്. ഇതുവരെ ഇരു ടീമുകളും 66 പരമ്പരകളില്‍ കൊമ്പുകോര്‍ത്തതില്‍ 31 എണ്ണം വിജയിച്ച ഓസീസാണ് മുന്നില്‍. 30 പരമ്പരകളില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ കലാശിച്ചു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇരു ടീമുകളും ആഷസിന് മാറിമാറി ആതിഥേയത്വം വഹിക്കും. ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യന്മാര്. 2010-11 സീസണില്‍ ഓസ്ട്രേലിയയില്‍ നടന്ന പരമ്പരയില്‍ ഇംഗ്ലണ്ട് 3-1ന് വിജയം നേടിയിരുന്നു. 2009ലെ പരമ്പരയിലും ഇംഗ്ലണ്ടാണ് പരമ്പര സ്വന്തമാക്കിയിരുന്നത്. എന്നാല്‍ 1981ന് ശേഷം ഇംഗ്ലണ്ടിന് തുടര്‍ച്ചയായി മൂന്ന് ആഷസ് പരമ്പരകള്‍ നേടാനായിട്ടില്ല.
ഇത്തവണ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ആന്‍ഡി ഫ്ലവറിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം ആഷസിനായി ഒരുങ്ങിയിരിക്കുന്നത്. അടുത്തിടെ ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ നായകത്വത്തില്‍ ഇറങ്ങുന്ന ഇംഗ്ലണ്ട്. കെവിന് പീറ്റേഴ്സണ് ടീമിലെത്തിയതും ഇംഗ്ലണ്ടിന് തുണയാകുമെന്നാണ് കരുതപ്പെടുന്നത്. 22 ടെസ്റ്റ് സെഞ്ച്വറികളാണ് ഈ സൂപ്പര്‍ താരം സ്വന്തമാക്കിയിട്ടുള്ളത്. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ഉജ്ജ്വല ഫോമിലാണ്. 25 സെഞ്ച്വറികള്‍ നേടിയ താരമാണ് കുക്ക്. അടുത്ത കാലത്ത് നടന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത് ബാറ്റ്സ്മാന്മാരേക്കാളുപരി കുത്തുറ്റ ബൗളിംഗ് നിരയാണ്. ക്യാപ്റ്റന്‍ കുക്ക് നയിക്കുന്ന ബാറ്റിങ് നിരയില്‍ ജോനാഥന് ട്രോട്ടും കെവിന് പീറ്റേഴ്സണും ഇയാന്‍ ബെല്ലും മാറ്റ് പ്രയറും ജോ റൂട്ടും ബെയര്സ്റ്റോയുമെല്ലാം മികച്ച ഫോമിലാണ്.
എന്തായാലും നിലവിലെ ഫോമില്‍ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ മെരുക്കുക എന്നത് ഒാസീസിന് തീര്‍ത്തും ശ്രമകരമായ ദൗത്യമാണ്. പ്രത്യേകിച്ചും സന്തുലിതമായ ബാറ്റിംഗ്നിരയും ബൗളിംഗ് നിരയും ഉള്ളപ്പോള്‍. ജയിംസ് ആന്ഡേഴ്സണ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ടിം ബ്രെസ്നന്, സ്റ്റീവന്‍ ഫിന്, ഗ്രെയിം സ്വാന് എന്നിവരടങ്ങുന്ന ആക്രമണനിര ഓസീസ് ബാറ്റ്സ്മാന്മാരെ വട്ടംകറക്കുമെന്നതില് ശങ്കിക്കേണ്ടതില്ല. ഓപ്പണിങ് ബൗളര്‍ ആന്‍ഡേഴ്സണും ഓഫ്സ്പിന്നര്‍ ഗ്രേയം സ്വാനുമാണ് കൂട്ടത്തില്‍ ഏറ്റവും അപകടകാരികള്‍.
മിക്കി ആര്‍തറിനെ പുറത്താക്കി ഡാരന്‍ ലേമാനെ പരിശീലകനായി നിയമിച്ച ശേഷം ആദ്യ പരമ്പരക്കാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. അതേസമയം സമീപകാലത്ത് ഓസ്ട്രേലിയന്‍ നിരയുടെ പ്രകടനം അത്ര മെച്ചമല്ല. പ്രമുഖതാരങ്ങള്‍ കളമൊഴിഞ്ഞതോടെ ശക്തികുറഞ്ഞ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. റിക്കിപോണ്ടിംഗും മധ്യനിര ബാറ്റ്സ്മാന് മൈക്ക് ഹസ്സിയും വിരമിച്ചതോടെയാണ് ഓസീസ് ബറ്റിങ്ങിന് കെട്ടുറപ്പ് നഷ്ടപ്പെട്ടത്. ഇവര്‍ക്ക് പകരം വെക്കാന്‍ ഇന്ന് ഓസീസ് ടീമില്‍ ആളില്ലാത്ത അവസ്ഥയാണ്. അതുപോലെ ബൗളിംഗ് നിരയും ശുഷ്കമാണ്. മഗ്രാത്തിനും ഷെയ്ന് വോണിനും പകരം വെക്കാവുന്ന ബൗളര്‍മാരും ഓസീസ് പടയില്‍ ഇല്ല. പീറ്റര്‍ സിഡിലും മിച്ചല്‍ സ്റ്റാര്‍ക്കും ജയിംസ് പാറ്റിന്‍സണും ജയിംസ് ഫോക്നറും റയന്‍ ഹാരിസും നഥാന്‍ ലിയോണുമടങ്ങുന്ന ഓസീസ് ആക്രമണനിരക്ക് പരിചയസമ്പത്തില്ലാത്തതാണ് അവരെ കുഴക്കുന്നത്. ബാറ്റിംഗ് നിരയില്‍ വിശ്വസിക്കാവുന്ന ഏകതാരം ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കാണ്. ഓപ്പണര്‍ ഷെയ്ന് വാട്സന്റെ സാന്നിധ്യവും ഓസീസ് നിരക്ക് ആശ്വാസമേകുന്നുണ്ട്. വാട്സണിന്റെ ഓപ്പണിംഗ് പങ്കാളി ക്രിസ് റോജേഴ്സായിരിക്കും. ഡേവിഡ് വാര്‍ണര്‍ അച്ചടക്ക നടപടികള്ക്ക്വിധേയനായതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഓപ്പണിംഗ് ജോഡിയെ മാറ്റി പരീക്ഷിക്കാനൊരുങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍, എഡ് കവന്‍, ഫില്‍ ഹ്യൂസ്, ബ്രാഡ് ഹാഡിന്, ഉസ്മാന് ഖവാജ, മാത്യു വെയ്ഡ് തുടങ്ങിയവര്‍ ഇംഗ്ലീഷ് ബൗളര്‍മാരെ എങ്ങനെ നേരിടുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: