തത്ത്വാന്വേഷണ വിഷയത്തില്‍ ഹിന്ദുചിന്തകന്മാര് ആധുനികരോളമെന്നല്ല ചില സംഗതികളില്‍ ഇവരേക്കാള്‍ അധികം ധീരന്മാരായിരുന്നു. മനുഷ്യര്‍ കണ്ടെത്തിയ സാമാന്യതത്ത്വങ്ങളില് വച്ച് ഏറ്റവും ഗംഭീരമായ ചിലത് അവരാണ് കണ്ടുപിടിച്ചത്. അതില്‍ ചിലത് താല്ക്കാലികസിദ്ധാന്തത്തിന്റെ നിലക്കുപോലും ആധുനികര്‍ ഇന്നും കണ്ടിട്ടില്ല. ഒരുദാഹരണം പറയാം: അവര്‍ ആകാശസിദ്ധാന്തത്തിലെത്തി എന്നുമാത്രമല്ല, അതും കടന്ന് മനസ്സിനെ സൂക്ഷ്മതരാകാശമായി തരംതിരിച്ചു. അതും കടന്നു സൂക്ഷ്മതമമായ ഒരാകാശംകൂടി അവര്‍ കണ്ടെത്തി. അതുകൊണ്ടും സമാധാനമായില്ല. ബാഹ്യലോകജ്ഞാനം എത്രയുണ്ടായാലും അതുകൊണ്ട് ലോകരഹസ്യം വെളിപ്പെടുകയില്ല. ‘അങ്ങനെ വിചാരിക്കേണ്ട, ഞങ്ങള്‍ അത് അല്പ്പാല്പ്പം അറിവാന്‍ ആരംഭിച്ചിട്ടേയുള്ളൂ. കുറച്ചായിരം കൊല്ലം കാത്തിരിക്കുക, സമാധാനം ഉണ്ടാകും.’ എന്ന് ശാസ്ത്രജ്ഞന് പറയുമായിരിക്കാം. അതിന് വേദാന്തി ‘ഇല്ല’ എന്നു തീര്‍ത്തുപറയുന്നു. എന്തുകൊണ്ടെന്നാല്‍, മനസ്സ് പരിമിതവും ദേശകാലനിമിത്തപരിധികളെ ലംഘിച്ചുപോകാന് കഴിവില്ലാത്തതുമാണെന്ന് നിസംശയം തെളിഞ്ഞിരിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: