ന്യൂദല്‍ഹി: പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം 15 ശതമാനമായി ഉയര്‍ത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നിലവില്‍ 10 ശതമാനമായിരുന്നു ഇറക്കുമതി ചുങ്കം. പഞ്ചസാര ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, കരിമ്പ് കര്‍ഷകരുടെ 9,000 കോടിയോളം വരുന്ന കുടിശ്ശിക തീര്‍ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പഞ്ചസാരയുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയത്.
പഞ്ചസാരയുടെ ഇറക്കുമതി മൂലം ആഭ്യന്തര വിലയില്‍ ഇടിവുണ്ടാകുന്നതും ഇക്കാരണത്താല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കുന്നതിന് മില്ലുടമകള്‍ മുടക്കം വരുത്തുകയാണ്.
ഉത്പാദന ചെലവിനേക്കാള്‍ താഴ്ന്ന നിരക്കിലാണ് മില്ലുടമകള്‍ പഞ്ചസാര ഇപ്പോള്‍ വില്‍ക്കുന്നത്. ഈ വിപണി വര്‍ഷം 6,00,000 ടണ്‍ അസംസ്കൃത പഞ്ചസാരയാണ് ഇറക്കുമതി ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന് പറയുന്നു. കൂടാതെ 1,00,000 ടണ്‍ ശുദ്ധീകരിച്ച പഞ്ചസാരയാണ് പാക്കിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പഞ്ചസാരയുടെ എക്സ്-ഫാക്ടറി വില കിലോഗ്രാമിന് യഥാക്രമം 31 രൂപയും 28.50 രൂപയുമാണ്. എന്നാല്‍ ഒരു കിലോഗ്രാം പഞ്ചസാരയുടെ ഉത്പാദന ചെലവാകട്ടെ യഥാക്രമം 35 രൂപയും 31 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: