ഇസ്താംബുള്‍: ആഫ്രിക്കന്‍ ശക്തികളായ ഘാന, ഏഷ്യന്‍ കരുത്തുമായെത്തിയ ഇറാഖ് എന്നീ ടീമുകള്‍ അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഏറെ ആവേശകരമായ മത്സരത്തില്‍ ഘാന ചിലിയെയും ഇറാഖ് ദക്ഷിണ കൊറിയയെയും കീഴടക്കിയാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഘാന മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ചിലിയെ കീഴടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. മത്സരത്തിന്റെ 11-ാം മിനിറ്റില്‍ ഘാനയാണ് ആദ്യം മുന്നിലെത്തിയത്. മോസസ് ഓയെറിലൂടെ ലീഡ് നേടിയ ഘാനയെ 23-ാം മിനിറ്റില്‍ നിക്കോളാസ് കാസ്റ്റിലോ നേടിയ ഗോളിലൂടെ ചിലി സമനിലയില്‍ പിടിച്ചു. നാല് മിനിറ്റിനുശേഷം ആഞ്ചലോ ഹെന്റിക്കസിലൂടെ ചിലി മുന്നിലെത്തി. ആദ്യ പകുതിയില്‍ ചിലി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു. പിന്നീട് മത്സരത്തിന്റെ 72-ാം മിനിറ്റില്‍ എബ്നസീര് അസിഫുഹ ഘാനയുടെ ഗോള്‍ നേടിയതോടെ മത്സരം നിശ്ചിത സമയത്ത് സമനില പാലിച്ചു. അധികസമയ കളി ആരംഭിച്ച് എട്ട് മിനിറ്റില്‍ ഹെന്റിക്വസ് ചിലിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ മത്സരത്തിന്റെ 113-ാം മിനിറ്റില്‍ സീദു സലിഫു ഘാനയുടെ സമനില ഗോള്‍ നേടിയതോടെ മത്സരം സമനിലയിലായി. പിന്നീട് ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ചതിനിടെയാണ് അധികസമയത്തിന്റെ ഇഞ്ച്വറി സമയത്ത് അസിഫുഹ ഘാനയുടെ വിജയഗോള്‍ നേടിയത്. രണ്ട് തവണ മത്സരത്തില്‍ ലീഡ് നേടിയശേഷമാണ് ചിലി പരാജയം ഏറ്റുവാങ്ങിയത്.
മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ ശക്തികളുടെ പോരാട്ടത്തില്‍ സഡന്‍ ഡെത്തിലാണ് ഇറാഖ് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൗട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കും നീണ്ടത്. ഷൂട്ടൗട്ടില്‍ ഇറാഖിന്റെ അലി ഫയസ്, ദുര്‍ഗാം ഇസ്മയില്‍, മുഹമ്മദ് ജബ്ബാര്‍, അലി അദ്നന്, ഫര്ഹാന് ഷക്കര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മൂന്നാമത്തെ കിക്കെടുത്ത മുഹമ്മദ് ജബ്ബാര്‍ റുബറ്റിന്റെ കിക്ക് പാഴായി. കൊറിയയക്ക് വേണ്ടി കിം സുന് വൂ, ഹാങ്ങ് സങ്ങ് ഗ്യു, ഷിം സാങ്ങ് മിന്, വൂ ജൂ സങ്ങ്, എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ യോന്‍ ജീ മിന്, ലീ വാങ്ങ് ഹൂന് എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം തെറ്റി.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ സ്പെയിനിനെ 1-0ന് കീഴടക്കി ഉറുഗ്വെയും ഉസ്ബക്കിസ്ഥാനെ 4-0ന് കീഴടക്കി ഫ്രാന്‍സും സെമിയില്‍ പ്രവേശിച്ചിരുന്നു. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഫ്രാന്‍സ് ഘാനയെയും രണ്ടാം സെമിയില്‍ ഇറാഖ് ഉറുഗ്വെയുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: