കാരക്കാസ്/മനാഗ്വ: അമേരിക്കയുടെ ചാരവൃത്തിയെപ്പറ്റി വെളിപ്പെടുത്തല്‍ നടത്തിയ എഡ്വാര്‍ഡ് സ്നോഡസ് അഭയം നല്കാന് തയ്യാറാണെന്ന് വെനസ്വേലയും നിക്വരാഗ്വയും പ്രഖ്യാപിച്ചു. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയിലെ മുന്‍ അംഗമാണ് സ്നോഡന്. ഹോങ്കോംഗില്‍നിന്നും രക്ഷപ്പെട്ട സ്നോഡന് ഇപ്പോള്‍ മോസ്കോയിലെ വിമാനത്താവളത്തിനുള്ളിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
വെനസ്വേലയുടെ സ്വാതന്ത്ര്യദിനത്തിലായിരുന്നു പ്രസിഡന്റ് മഡുറോ സ്നോഡന് അഭയം നല്‍കാമെന്ന് പ്രഖ്യാപിച്ചത്. നിയമനടപടികളില്നിന്നൊഴിവായി വെനസ്വേലയില്‍ അദ്ദേഹത്തിന് ജീവിക്കാമെന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ ഇതിന് എന്തെങ്കിലും ഉപാധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ സ്നോഡന് അഭയം നല്‍കും എന്നായിരുന്നു നിക്വരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ വ്യക്തമാക്കിയത്. എന്നാല്‍ എന്താണ് ഈ സാഹചര്യങ്ങളെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. മനാഗ്വയില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഒര്‍ട്ടേഗ നിക്വരാഗ്വയുടെ നയം വ്യക്തമാക്കിയത്. മോസ്കോയിലെ നിക്വരാഗ്വയുടെ എംബസി സ്നോഡന്റെ അപേക്ഷ പരിഗണിച്ചുവരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുഎസ് നടത്തുന്ന ഫോണ്‍ ചോര്‍ത്തലുകളും ഇന്റര്‍നെറ്റ് ചാരവൃത്തിയും ലോകത്തിന് മുമ്പില്‍ വിശദമായ വെളിപ്പെടുത്തിയത് സ്നോഡനാണ്. ഇതിനെത്തുടര്‍ന്ന് സ്നോഡന് അമേരിക്കയുടെ കണ്ണിലെ കരടായി മാറി. തങ്ങളുടെ മുന്‍ ഏജന്റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയ അമേരിക്ക കോടതി മുഖാന്തിരം അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഇതോടെ വലിയൊരു മനുഷ്യവേട്ടയ്ക്കാണ് അമേരിക്ക തുടക്കം കുറിച്ചത്. സ്നോഡനുണ്ടെന്ന സംശയത്തില്‍ ബൊളീവിയന്‍ പ്രസിഡന്റ് സഞ്ചരിച്ച വിമാനത്തിനെ വഴിതിരിഞ്ഞ് വിയന്നയില്‍ ഇറക്കിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇതിനെതിരെ ലാറ്റിനമേരിക്ക ഒന്നടങ്കം രംഗത്തുവന്നിരുന്നു. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലെസ് സഞ്ചരിച്ച വിമാനത്തിന് സ്പെയിന്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ സഞ്ചാരാനുമതി നിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വിയന്നയിലിറക്കിയ വിമാനത്തില്‍ പരിശോധന നടത്തുകയും ചെയ്തു. സംഭവത്തില്‍ ഫ്രാന്‍സ് ബൊളീവിയയോട് ഖേദം പ്രകടിപ്പിച്ചതായും വാര്‍ത്തയുണ്ട്.
ബൊളീവിയന്‍ പ്രസിഡന്റ് സഞ്ചരിച്ച വിമാനത്തില്‍ സ്നോഡനുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് യാത്രാനുമതി നിഷേധിച്ചതെന്ന് സ്പെയിന് പറയുന്നു. എന്നാല്‍ നിര്‍ദ്ദേശം നല്‍കിയത് അമേരിക്കയാണോ എന്ന് സ്പെയിന് വ്യക്തമാക്കിയില്ല.
സ്നോഡന് അഭയം നിഷേധിക്കുന്നതും ബൊളീവിയന്‍ പ്രസിഡന്റിനെ അപമാനിച്ചതുമായ സംഭവങ്ങള്‍ ലാറ്റിനമേരിക്കയില്‍ യുഎസ് വിരുദ്ധ വികാരം വളര്‍ത്തുകയാണ്. മേഖലയിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്നോഡന് അഭയം നല്കാന് ഇനിയും തയ്യാറാകുമെന്നതിനാല്‍ യുഎസ് കരുതലോടെയാണ്ഓരോ നീക്കവും നടത്തുന്നത്.
അതേസമയം ആറ് രാജ്യങ്ങള്‍ക്ക് കൂടി സ്നോഡന് അഭയത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വിക്കിലീക്സ് വെളിപ്പെടുത്തുന്നു. എന്നാല്‍ സ്നോഡന്റെ സുരക്ഷയെ കരുതി ഏതൊക്കെ രാജ്യങ്ങളാണിതെന്ന് വിക്കിലീക്സ് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: