അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിക്ക് വൃക്ക നല്കിയ അജീഷാമോള്‍ എന്ന ദളിത് യുവതി, അനാഥത്വത്തില്‍ നിന്ന് ഒരു ജീവിതത്തെ പിടിച്ചുകയറ്റാന്‍ സ്വശരീരം പകുത്ത് നല്കിയ റജുല… മനുഷ്യജീവിതത്തിന്റെ അഴകാണിതെന്ന് സമൂഹത്തെ ഓര്‍മ്മിപ്പിക്കുകയാണിവര്‍…
അമ്മയുടെ ഓര്‍മകള്‍ നല്കിയ മനക്കരുത്തില്‍ ചിന്നക്കട ശങ്കര്‍ നഗറില്‍ അജീഷമോളും പറക്കമുറ്റാത്ത സ്വന്തം മക്കളെ പോലെ രണ്ടുകുട്ടികള്‍ അനാഥരാകരുതെന്ന ദൃഢനിശ്ചയത്തില്‍ കേരളപുരം സജീനാ മന്‍സിലില്‍ റജുലയും സ്വശരീരം പകുത്തുനല്‍കിയത് നാളെയുടെ പ്രതീക്ഷകള്‍ അസ്തമിച്ചുവന്ന രണ്ട് ജീവിതങ്ങള്‍ക്കാണ് വെളിച്ചം തുറന്നത്. കൊല്ലം സ്വദേശികളായ ഈ സ്ത്രീരത്നങ്ങളുടെ സത്കര്‍മം മാതൃകയാക്കപ്പെടേണ്ടതാണെന്ന് സമൂഹത്തിലെ നാനാതുറകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരിക്കുന്നു.
അജീഷമോള്‍ക്ക് 36 വയസാണ്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് സഹോദരങ്ങള്‍ക്കൊപ്പം സ്വയം തൊഴിലെടുത്ത് ജീവിക്കുന്ന അവിവാഹിതയായ സ്ത്രീ. വൃക്ക തകരാറായതിലൂടെയായിരുന്നു അജീഷമോളുടെ മാതാവ് മരണപ്പെട്ടത്. അന്ന് വൃക്ക നല്കാന് സന്നദ്ധയായിരുന്നെങ്കിലും അമ്മയുടെ ആരോഗ്യസ്ഥിതി ശസ്ത്രക്രിയക്ക് പോലും പാകമാകാതെ വളരെ മോശമായിരുന്നു. വൃക്ക തകരാര്‍ കൊണ്ടുള്ള മരണങ്ങളും മറ്റും നിത്യവും വാര്‍ത്തകളാകുന്നത് അജീഷമോളെ വേദനിപ്പിച്ചു. ഇത് വൃക്കദാനത്തിന് സന്നദ്ധയാകാന്‍ അടിസ്ഥാന കാരണമായി. പാലക്കാട് പട്ടാമ്പിയിലുള്ള അതിപ്രശസ്തനായ ആചാര്യന് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിക്കാണ് അജീഷമോള്‍ സ്വന്തം വൃക്ക പകുത്തുനല്‍കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു ശസ്ത്രക്രിയ. വൃക്കദാനത്തിന് ശേഷം വെറും രണ്ടാഴ്ച മാത്രം വിശ്രമം. തന്റെ വയസ് തിരിച്ചിട്ടാല്‍ നമ്പൂതിരിയുടെ വയസായി എന്ന് അജീഷമോള്‍ പറയും. അതെ 63 വയസാണ് നമ്പൂതിരിക്ക്. അറുന്നൂറോളം ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യന്‍. മലബാറിലെ പ്രശസ്തനായ ഈ ബ്രാഹ്മണന് ദളിത് സ്ത്രീയായ അജീഷയെ ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.
മാസങ്ങളായി ആശുപത്രിക്കിടക്കയിലായിരുന്ന ശാസതൃശര്മന് നമ്പൂതിരിയുടെ അവസ്ഥ കേട്ടറിഞ്ഞാണ് അജീഷമോള്‍ പ്രതിഫലമേതും കൂടാതെ വൃക്കദാനത്തിന് സ്വയം സന്നദ്ധയായി മുന്നോട്ടുവന്നത്. വര്‍ഷങ്ങളുടെ ആത്മബന്ധം പോലെയാണ് ഇപ്പോള്‍ ഇവര്‍ ഇടപഴകുന്നത്. സ്വാമിയെന്നാണ് അജീഷമോള്‍ അദ്ദേഹത്തെ വിളിക്കുന്നത്. ചിന്നക്കടയിലെ വീട്ടിലേക്ക് ആരോഗ്യകാര്യങ്ങളും വിശേഷങ്ങളും അന്വേഷിച്ച് അജീഷമോള്‍ക്ക് മിക്ക ദിവസങ്ങളിലും നമ്പൂതിരിയുടെ ഫോണ്‍ വരും. പിതാവിനെ പോലെ കാണുന്ന നമ്പൂതിരിയുടെ ഉറ്റചങ്ങാതിയായിക്കഴിഞ്ഞു അജീഷ മോള്.
അയത്തില്‍ സ്വദേശിയായ വീട്ടമ്മ ഷെമീമയുടെ ഇരുളടഞ്ഞ ജീവിതം പ്രകാശമാനമാക്കിയത് കേരളപുരം സജീനാ മന്‍സിലില്‍ റജുലയാണ്. മൂന്ന് മക്കളാണ് റജുലയ്ക്ക്. വൃക്കതകരാരിലൂടെ മാസങ്ങളായി ദുരിതമനുഭവിക്കുന്ന ഷെമിമയ്ക്കൊപ്പം റജുലയുടെ മനസിനെ മഥിച്ചത് ഷമീമയുടെ പറക്കമുറ്റാത്ത രണ്ട് മക്കളായിരുന്നു. അവര്‍ അനാഥരാകുന്ന സ്ഥിതി ഉണ്ടാവരുതെന്ന് മനസിലുറപ്പിച്ചു. പിന്നെ ഒട്ടും അമാന്തിച്ചില്ല. ബ്ലഡ് ഗ്രൂപ്പ് ചേരുമെന്ന് കണ്ടപ്പോള്‍ സ്വന്തം ഭര്‍ത്താവ് റഹ്മത്തുള്ള ഖാനോട് തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചു. വ്യാപാരിയായ അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും ഭാര്യക്കുണ്ടായിരുന്നു. റഹ്മത്തുള്ളയുടെ ഉറ്റമിത്രമായ നാസറിന്റെ ഭാര്യ കൂടിയാണ് ഷെമീമ എന്നത് കാര്യങ്ങള്‍ ത്വരിതപ്പെടുത്തി. പരിശോധനകള്‍ ഒന്നിനു പിറകെ ഒന്നായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടത്തി. 2013 ജനുവരിയിലായിരുന്നു ശസ്ത്രക്രിയ. ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തി ഭാര്യയുടെ ചികിത്സാര്‍ത്ഥം ഓടിനടക്കുകയായിരുന്ന നാസര്‍ അപ്പോഴും ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്നു. ശസ്ത്രക്രിയ പൂര്‍ണവിജയമായി വൃക്ക സ്വീകര്‍ത്താവായ ഷെമീമയും ദാതാവായ റജുലയും സൗഖ്യമായി വരുന്നതുവരെ അതിന് ശമനമുണ്ടായില്ല. അണഞ്ഞുപോകുമായിരുന്ന ജീവിതം സുരക്ഷിതമായി കരങ്ങളിലേക്ക് വച്ചുതന്ന റജുലയോട് എന്നും കടപ്പെട്ടിരിക്കുകയാണ് ഷമീമയും നാസറും രണ്ടുമക്കളും.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: