പാരീസ്: അമേരിക്കയ്ക്ക് പിന്നാലെ ഫ്രാന്‍സും പൗരന്മാരുടെ ഇന്റര്‍നെറ്റ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ ലി മോണ്ടെ ദിനപത്രമാണ് ഫ്രാന്‍സ് ഇന്റര്‍നെറ്റ് ചാരവൃത്തി നടത്തുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്.
ഫ്രഞ്ച് ഇന്റലിജന്‍സ് ഏജന്‍സിയായ ഡിജിഎസ്ഇ ചോര്‍ത്തുന്ന ഇന്റര്‍നെറ്റ് ഫോണ്‍ വിവരങ്ങള്‍ പാരീസിലെ ഡിജിഎസ്ഇ ആസ്ഥാനത്തുള്ള സൂപ്പര്‍ കമ്പ്യൂട്ടറിലാണ് ശേഖരിച്ചു വച്ചിരിക്കുന്നതെന്നും ലി മോണ്ടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതേസമയം ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇമെയിലുകള്‍ക്കും ഫോണ്‍ വിവരങ്ങള്‍ക്കും പുറമെ എസ്എംഎസുകളും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ വിവരങ്ങളും വര്‍ഷങ്ങളായി ഫ്രഞ്ച് ഇന്റലിജന്‍സ് ഏജന്‍സി ശേഖരിച്ചുവരികയാണ്.
ഫ്രാന്സിനകത്തുള്ള ആശയവിനിമയങ്ങളും ഫ്രാന്‍സിലെ പൗരന്മാരും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും തമ്മിലുള്ള ആശയവിനിമയങ്ങളും ഡിജിഎസ്ഇ ചോര്‍ത്തുന്നുണ്ട്. ഡിജിഎസ്ഇ ചോര്‍ത്തുന്ന വിവരങ്ങള്‍ മറ്റ് ഫ്രഞ്ച് ഇന്റലിജന്‍സ് ഏജന്‍സികളും പരിശോധിക്കുന്നുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയുടെ ഇന്റര്‍നെറ്റ് ചാരവൃത്തിയ്ക്കെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സും സമാനമായ രീതിയില്‍ ഇന്റര്‍നെറ്റ് ചാരവൃത്തി നടത്തുന്ന വിവരം പുറത്തു വന്നിരിക്കുന്നത്.
എന്‍എസ്എയുടെ മുന്‍ കരാര്‍ ജീവനക്കാരന് എഡ്വേര്‍ഡ് സ്നോഡനാണ് അമേരിക്കയുടെ ഇന്റര്‍നെറ്റ് ചാരവൃത്തി വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: