കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരിട്ട് ബന്ധമുണ്ടെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവന്നു. കേസിന്റെ ആരംഭഘട്ടത്തില്‍ തട്ടിപ്പിന് ചുക്കാന്‍ പിടിച്ച സരിത, ബിജു രാധാകൃഷ്ണന്, ശാലുമേനോന് എന്നിവരെ അറിയില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തയുടനെ പോലീസിനെ വെട്ടിച്ച് ഒളിവില്‍ പോയ സരിത ഒളിവിലിരുന്ന് ആഭ്യന്തരമന്ത്രിയെത്തന്നെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നത്. സരിത മന്ത്രിയെ വിളിച്ചതിന് പുറമെ മന്ത്രി സരിതയെ വിളിച്ചതിന്റെയും രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.
തെളിവുകള്‍ വ്യക്തമായതോടെ പ്രതികളെ അറിയാമെന്നും മുന്‍പരിചയമുണ്ടെന്നും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞ് മലക്കം മറിയുകയായിരുന്നു തിരുവഞ്ചൂര്‍.
സരിത ഒളിവില്‍പ്പോയ മെയ് 23ന് രാത്രി പതിനൊന്നുമണിയോടെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സരിതയെ അങ്ങോട്ടു വിളിക്കുകയായിരുന്നു. സരിത അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുമ്പ് ആഭ്യന്തരമന്ത്രി നേരിട്ട് ബന്ധപ്പെട്ടത് കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. തട്ടിപ്പുകേസിലെ പ്രതിയോട് ആഭ്യന്തരമന്ത്രിക്ക് എന്താണ് പറയാനുണ്ടായിരുന്നതെന്ന ചോദ്യം പ്രസക്തമാണ്. കേസ് അട്ടിമറിക്കാനാണ് ആഭ്യന്തരമന്ത്രി പ്രതിയെ ഫോണില്‍ ബന്ധപ്പെട്ടതെന്ന സംശയത്തിന് തിരുവഞ്ചൂര്‍ മറുപടി നല്‍കുന്നില്ല. മന്ത്രി തന്റെ ഔദ്യോഗിക മൊബെയില്‍ ഫോണില്‍ നിന്നും സരിതയെ വിളിച്ചതിന്റെ രേഖകള്‍ പുറത്തുവിട്ടത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ്. ഇരുവരും 168 സെക്കന്റ് സമയം സംസാരിച്ചതായും വ്യക്തമാണ്. ഇതിനു മുമ്പും സരിത മന്ത്രിയെയും മന്ത്രിയുടെ പി എയെയും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
സരിതയുടെ മൂന്ന് മൊബെയില്‍ ഫോണ്‍ കണക്ഷനുകളുടെ വിശദാംശങ്ങളിലേക്ക് അന്വേഷണസംഘം കടന്നു ചെന്നിട്ടുണ്ട്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണസംഘത്തിന് ധൈര്യമില്ല. തന്ത്രശാലിയായ ആഭ്യന്തരമന്ത്രിയാകട്ടെ സരിതയുടെ 8606161700 എന്ന നമ്പരില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തുപറഞ്ഞ് തടിതപ്പിയിരിക്കുകയാണ്. 9446735555, 9747161700 എന്നീ മറ്റ് രണ്ട് നമ്പരുകളിലേക്കുള്ള വിളികളെക്കുറിച്ച് ആഭ്യന്തര മന്ത്രി മൗനം പാലിക്കുന്നു. ഈ നമ്പരുകളിലേക്ക് വന്നതും പുറത്തേക്ക് പോയതുമായ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ അത് കേസില്‍ വഴിത്തിരിവാകുമെന്ന് തീര്‍ച്ചയാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചില കേന്ദ്രമന്ത്രിമാരും മാത്രമല്ല ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ വരെ കുടുങ്ങുമെന്ന് തീര്‍ച്ചയാണ്.
പണം നഷ്ടപ്പെട്ട വ്യക്തി പരാതിയുമായി സമീപിച്ചപ്പോള്‍ പണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതല്ലേയെന്ന ഉപദേശമാണ് ആഭ്യന്തരമന്ത്രി നല്‍കിയത്. പരാതിക്കാരനെ മടക്കാന്‍ സൂത്രശാലിയായ ആഭ്യന്തരമന്ത്രിക്ക് സാധിച്ചെങ്കിലും സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ പിടിച്ചുനില്ക്കാന് കഴിയാതെയായി. എന്നാല്‍ കേസ് ആദ്യം അന്വേഷിച്ച ഐ.ജി സരിതയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിച്ചത്. സര്‍ക്കാരിനെ രക്ഷിക്കാന്‍ തുടക്കത്തില്‍ തന്നെ പോലീസ് പഴുതുണ്ടാക്കിയെന്നും ആക്ഷേപമുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ മാത്രം പ്രതിചേര്‍ത്ത് കേസ് അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമം ഇപ്പോഴത്തെ വെളിപ്പെടുത്തലുകളോടെ പൊളിഞ്ഞിരിക്കുകയാണ്. കേസില്‍ നടി ശാലുമേനോനെ പോലീസ് ചോദ്യം ചെയ്തെങ്കിലും അറസ്റ്റിനുള്ള നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. ശാലുമേനോനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും പോലീസ് അറസ്റ്റിന് മടിക്കുന്നു. കാരണം ശാലുവിന് ആഭ്യന്തരമന്ത്രിയുമായും ചില കേന്ദ്രമന്ത്രിമാരുമായും ഉള്ള ബന്ധമാണെന്ന് വ്യക്തം. കൂടാതെ മന്ത്രിമാരെയും സര്‍ക്കാരിനെത്തന്നെയും വട്ടംചുറ്റിക്കാനുള്ള എന്തൊക്കെയോ തെളിവുകള്‍ ശാലുവിന്റെ കൈവശമുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. വമ്പന്മാര് പ്രതിയായ തട്ടിപ്പ് കേസ് സംസ്ഥാന പോലീസിന്റെ അന്വേഷണപരിധിയില്‍ ഒതുങ്ങി നില്‍ക്കില്ലെന്ന് തുടക്കം മുതല്‍ വ്യക്തമാണ്. സരിതയുടെ മൂന്ന് മൊബെയില്‍ ഫോണ്‍ കണക്ഷനുകളുടെയും കോള്‍ വിവരങ്ങള്‍ സമ്പൂര്‍ണമായും പുറത്തുവന്നാല്‍ മാത്രമേ ഗൂഢാലോചനയുടെ യഥാര്‍ഥ ചിത്രം വ്യക്തമാകുകയുള്ളൂ.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: