കെയ്റോ: ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്ന ഈജിപ്റ്റില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസങ്ങളിലായി 23പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റു. സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ സൈനിക കമാന്‍ഡര്‍മാര്‍ ഇന്നലെ യോഗം ചേര്‍ന്നു.
കീ്റോ യൂണിവേഴ്സിറ്റിയിലാണ് സര്‍ക്കാര്‍ അനുകൂലികളും പ്രതികൂലികളും ഏറ്റുമുട്ടിയത്. സംഘര്ഷത്തിലേര്പ്പെട്ടവര്ക്കെതിരെ പോലീസ് വെടിവെച്ചു. പ്രക്ഷോഭകാരികള്‍ റോക്കറ്റുകളും തൊടുത്തു.
മുര്‍സി അധികാരമൊഴിയാന്‍ തയാറായില്ലെങ്കില്‍ ഭരണഘടന റദ്ദാക്കി പട്ടാളം ഭരണം പിടിച്ചെടുക്കുമെന്ന് അറബ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സൈനിക തലവന്മാര്ക്കിടയില് ഇതു സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടത്രെ. മുസ്ലീം ബ്രദര്‍ ഹുഡിന്റെ സ്വാധീനം കുറയ്ക്കുന്ന തരത്തില്‍ സര്‍ക്കാരില്‍ അഴിച്ചുപണി നടത്താന്‍ മുര്സിയില് സമ്മര്‍ദ്ദം വര്‍ധിപ്പിക്കണമെന്നാണ് അവരില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
അഞ്ചു മന്ത്രിമാരുടെ രാജി മുര്‍സിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് സൈന്യത്തിന്റെ നീക്കം. മുര്‍സിയെ അനുകൂലിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്ന തിരിച്ചറിവും തിടുക്കത്തില്‍ ഒരു തീരുമാനമെടുക്കുന്നതില്‍ നിന്ന് സൈന്യത്തെ പിന്തിരിപ്പി ക്കുന്നുണ്ട്.
ഹോസ്നി മുബാറക്കിന്റെ പതനശേഷം 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷവുമായി ഭരണമേറ്റ മുര്‍സി നിയമനിര്‍മാണാധികാരം ഏകപക്ഷീയമായി കൈയടക്കിയതാണ് പ്രക്ഷോഭ കാരണം. ഈജിപ്റ്റ് സാമൂഹികമായും സാമ്പത്തികമായും തകര്‍ന്നപ്പോള്‍ മുര്‍സിയുടെ ജനപിന്തുണ കുത്തനെ ഇടിഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളടക്കം രാജ്യത്ത് കുറ്റകൃത്യങ്ങള്‍ പെരുകിയതും പ്രസിഡന്റിന്റെ നില പരുങ്ങലിലാക്കി. നിക്ഷേപകരെയും വിനോദ സഞ്ചാരികളെയും ഈജിപ്റ്റില്‍ നിന്നകറ്റാന്മാത്രമേ ഭരണകൂടത്തിനായുള്ളു. ഈ സാഹചര്യത്തില്‍ ഇടത്തരക്കാരില്‍ നല്ലൊരു ശതമാനവും മുര്‍സിക്കെതിരെ തിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: