ന്യൂദല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ സിം കാര്‍ഡ് ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങളും ടെലികോം വകുപ്പ് കര്‍ശനമാക്കുന്നു. സിം കാര്‍ഡുകള്‍ തെറ്റായ കരങ്ങളിലേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഉപഭോക്താവിന് സിം കാര്‍ഡ് അനുവദിക്കുന്നതിന് മുമ്പ് ഇവരുടെ വിരല്‍ അടയാളം നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് സെല്‍ഫോണ്‍ സേവന ദാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതിനെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടെലികോം വകുപ്പിനോട് ആരാഞ്ഞിരുന്നു.
കൂടാതെ ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡുമായി ബന്ധപ്പെടുത്തണമെന്നും ടെലികോം ഡിപ്പാര്‍ട്ട്മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഇത്. ഈ വിഷയത്തില്‍ ടെലികോം സര്‍വീസ് സേവനദാതാക്കള്‍ ഉള്‍പ്പെടെ എല്ലാ ഓഹരി ഉടമകളുമായും ചര്‍ച്ച നടത്തുമെന്നും ടെലികോം വകുപ്പ് അധികൃതര്‍ പറയുന്നു. നിലവിലുള്ള ഫിസിക്കല്‍ വേരിഫിക്കേഷന് ബദല്‍ മാര്‍ഗ്ഗം കാണുന്നതിന് വേണ്ടിയാണ് ചര്‍ച്ച.
2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം സിം കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. വ്യാജ രേഖകള്‍ ചമച്ച് സ്വന്തമാക്കിയ ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സിം കാര്‍ഡ് അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകന്റെ ഫിസിക്കല്‍ വേരിഫിക്കേഷന് നിര്‍ബന്ധമായും നടത്തണമെന്ന് മൊബെയില്‍ സേവന ദാതാക്കള്‍ക്ക് ടെലികോം വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മൊബെയില്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കിടയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ അവര്‍ അലംഭാവം കാട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: