ബീജിംഗ്: ചൈനയിലെ വീഗര്‍ മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട്. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനിനെതിരെ നടക്കുന്ന വിമതപോരാട്ടത്തില്‍ പങ്കെടുക്കാനായി ഇവരെ അയക്കുകയാണെന്നും സിറിയ ആരോപിച്ചു. മുപ്പത് വീഗര്‍ മുസ്ലീം യുവാക്കള്‍ പാക്കിസ്ഥാന് ഭീകരപരിശീലനകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയിട്ടുണ്ടെന്നും ഇതിന് ശേഷം ഇവര്‍ തുര്‍ക്കിയിലേക്ക് കടന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ചൈനയിലെ സിറിയന്‍ അംബാസിഡര്‍ ഇമാദ് മൗസ്തഫ ഒരു പ്രമുഖ പത്രത്തിനോട് വെളിപ്പെടുത്തി.
സംഘത്തിലെ 30 ചൈനക്കാരും തുര്‍ക്കിയിലേക്ക് പോയത് അവിടെനിന്ന് സിറിയയിലേക്ക് കടക്കാനാണെന്നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഇവര്‍ ഇപ്പോള്‍ ആലെപ്പോയില്‍ നടക്കുന്ന പോരാട്ടത്തില്‍ പങ്കാളികളായി കഴിഞ്ഞിട്ടുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പില്ലെന്നും ഇമാദ് മൗസ്തഫ പറഞ്ഞു. പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ നിന്നാണ് വിവിരം ലഭിച്ചതെന്നും സംഘത്തില്‍ മുപ്പത് പേര് മാത്രമമേ ഉള്ളു എന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയിലെ വിമത പോരാട്ടത്തില്‍ സജീവ പങ്കാളിയായിരുന്ന വിഗര്‍ മുസ്ലീം നേതാവ് മെമദി അലിയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. മെമദി അലിയെപ്പോലെ നൂറ് കണക്കിനാളുകള്‍ വിമതരെ സഹായിക്കാനായി സിറിയയിലേക്ക് പോയിട്ടുണ്ടാകുമെന്ന് ചൈനയിലെ ഭീകരവിരുദ്ധ ഉദ്യോഗസ്ഥന് ചൂണ്ടിക്കാണിക്കുന്നു. ആക്രമണങ്ങളില്‍ പങ്കെടുത്ത് ഭയം അതിജീവിക്കാനും ഭീകരപ്രവര്‍ത്തനത്തില്‍ കൂടുതല്‍ പരിശീലനം നേടുന്നതിനുമാണ് ഇവര്‍ സിറിയയിലെ വിമതപോരാട്ടത്തില്‍ പങ്കാളികളാകുന്നതെന്ന് പേര് വെളിപ്പെടുത്താതെ ഒരുയര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സിറിയന്‍ അംബാസിഡറുടെ ആരോപണം ചൈനയിലെ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ അഞ്ച് ദിവസത്തെ ചൈനാ സന്ദര്‍ശനം വ്യാഴാഴ്ച്ച തുടങ്ങാനിരിക്കെയാണ് സിറിയുടെ ആരോപണം. ആരോപണം ചൈനീസ് അധികൃതര്‍ നവാസ് ഷെരീഫിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
ചൈനയിലെ സിങ്ങ് സാങ്ങ് മേഖലയില്‍ നിന്ന് ഈ സംഘത്തില്‍പ്പെട്ട ഒരാള്‍ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാന് അധീനതയിലുള്ള കാശ്മീര്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സിങ്ങ് സാങ്ങ് മേഖലയില്‍ നടക്കുന്ന ആക്രമണങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത് പാശ്ചാത്യമാധ്യമങ്ങള്‍ ഈ മേഖലയില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സിറിയന്‍ വിമതരുമായി കൂട്ടുകെട്ടുള്ള ഭീകരരാണ് ഈ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തനം ഉറപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: