ലാഹോര്‍: ഇന്ത്യയില്‍ നിന്നും വൈദ്യുതി വാങ്ങരുതെന്ന് പാക്കിസ്ഥാനോട് ജമാഅത് ഉദ് ദവ തലവന്‍ ഹഫിസ് സയ്യിദ്. രാജ്യം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയെപ്പറ്റി ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിന് പാക് വൈദ്യുതി മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന് പ്രധാനമന്ത്രി നവാസ് ഷെറീഫ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് പാക് സര്‍ക്കാരിനോട് സയ്യിദ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള സയ്യിദിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളറാണ് യുഎസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കൊടും കുറ്റവാളികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന ഇയാള്‍ പാക്കിസ്ഥാനില്‍ സ്വതന്ത്രമായി സഞ്ചരിക്കുകയും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് കാണുന്നത്. 90 ദശലക്ഷത്തോളം പേര് താമസിക്കുന്ന പഞ്ചാബ് പ്രവിശ്യയിലാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.
പാക്കിസ്ഥാനിലെ നിലവിലുള്ള ഊര്‍ജ്ജ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിന് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനാണ് പാക്കിസ്ഥാന് പദ്ധതിയിട്ടിരുന്നത്. ഈ തീരുമാനത്തില്‍ നിന്നും പിന്മാറുന്നതിനുള്ള മുന്നറിയിപ്പാണ് ഷെറീഫ് സര്‍ക്കാരിന് സയ്യിദ് നല്‍കിയിരിക്കുന്നത്.
പാക്കിസ്ഥാന് 2000 മെഗാവാട്ട് വൈദ്യുതി വില്ക്കാന് ഇന്ത്യ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുള്ളതായി പാക് ധനകാര്യ മന്ത്രി ഇഷഖ് ദര് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചിന്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന മേഖലകള്‍ കണ്ടെത്തുന്നതിന് പാക് ജല-വൈദ്യുത മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിനെ ചുമതലപ്പെടുത്തിയതായി പാക്-ഇന്ത്യ സംയുക്ത ബിസിനസ് കൗണ്‍സില്‍ അംഗങ്ങളോട് ഷറീഫ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: