ബെര്‍ലിന്‍: ഒരു മാസത്തിനുള്ളില്‍ അമേരിക്ക അരക്കോടി ജര്‍മ്മന്‍ ഫോണ്‍ കോളുകളും ഇന്റര്‍നെറ്റ് ലിങ്കുകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഈ സംഭവത്തിനെതിരെ യൂറോപ്യന്‍ യൂണിയന് ശക്തമായ പ്രതിഷേധമറിയിച്ചു. ഇ-മെയില്‍ സന്ദേശങ്ങളും ഫോണ്‍ സന്ദേശങ്ങളും ഉള്‍പ്പെടെ ചോര്‍ത്തി വന്‍ വിവരശേഖരണമാണ് അമേരിക്ക നടത്തിയിരിക്കുന്നതെന്ന് അമേരിക്കയുടെ രഹസ്യരേഖകള്‍ ഉദ്ധരിച്ച് ഒരു ജര്‍മ്മന്‍ ന്യൂസ് മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന്റെ വിവാദവെളിപ്പെടുത്തലിനിടെയാണ് ജര്‍മ്മന്‍ മാഗസിനും അമേരിക്കക്കെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്.
ജര്‍മ്മനിയെ തേഡ് ക്ലാസ് പങ്കാളിയായാണ് കണക്കാക്കുന്നതെന്നും ജര്‍മ്മനിക്ക് മേലുള്ള ജാഗ്രത യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളിലതിനേക്കാള് കൂടുതലും ചൈനയും ഇറാഖും പോലുള്ള രാജ്യങ്ങള്‍ക്ക് തുല്യവുമാകണമെന്ന് അമേരിക്ക രഹസ്യരേഖകളില് വ്യക്തമാക്കിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. സാധാരണ ദിവസങ്ങളില്‍ 20 മില്യന്‍ ജര്‍മ്മന്‍ ഫോണ്‍കോളുകളും പത്ത് മില്യന്‍ ഇന്റര്‍നെറ്റ് ഡാറ്റ സെറ്റുകളുമാണ് അമേരിക്കയുടെ സുരക്ഷാഏജന്‍സി ചോര്‍ത്തിയിരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം അമേരിക്കയുടെ ചാരപ്രവര്‍ത്തനത്തിനെതിരെ യൂറോപ്യന്‍ യൂണിയന് ശക്തമായ വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തി. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്ട്ടിന് ഷൂയിസ് വ്യക്തമാക്കി. അമേരിക്കക്ക് എതിരെയുള്ള ആരോപണങ്ങള്‍ ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ അത് അമേരിക്കയും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും മാര്ട്ടിന് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്കി. എത്രയും പെട്ടെന്ന് പ്രശ്നത്തില്‍ അമേരിക്ക വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജര്‍മ്മനിയും അമേരിക്കക്കെതിരെ ശക്തമായ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ആരോപണം ശരിയാണൈങ്കില് അത് പഴയ ശീതസമരത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ജര്‍മ്മന്‍ നിയമന്ത്രി സബിനേ പ്രതികരിച്ചു. അമേരിക്കയില്‍ നിന്ന് അടിയന്തരവിശദീകരണം തേടിയിട്ടുണ്ടെന്ന് നിയമന്ത്രാലയ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: