ന്യൂദല്‍ഹി: പിഎഫ് ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിന് അംഗങ്ങള്‍ക്ക് ആധാര്‍ നമ്പറിന്റെ ആവശ്യമില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ അംഗങ്ങളായിട്ടുള്ള അഞ്ച് കോടിയില്‍ അധികം പേര് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് മുമ്പാകെ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നേരത്തെ നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതികളെ കേന്ദ്രം നടപ്പാക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കി. കൂടാതെ ഇഎസ്ഐസിയേയും ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ക്ക് തൊഴില്‍ മന്ത്രാലയം അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇതേ തുടര്‍ന്ന് ഡിബിടി പദ്ധതിയ്ക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയുന്നതിന് മാസം തോറും നല്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തുടരേണ്ടതില്ലെന്ന് റീജിയണല്‍ ഓഫീസുകള്‍ക്ക് ഇപിഎഫ്ഒ ഹെഡ് ഓഫീസ് നിര്‍ദ്ദേശം നല്കി.
നിലവില്‍ ചെക്ക് മുഖേനയോ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ആയോ ആണ് പിഎഫ് ആനുകൂല്യങ്ങള്‍ കൈമാറ്റം ചെയ്യുന്നത്. സബ്സിഡികളും ഗ്രാന്റും വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഡിബിടി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പിഎഫ് ആനുകൂല്യം സബ്സിഡിയല്ലെന്ന് അധികൃതര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: