കൊല്ലം: ലക്ഷം കോടികളുടെ അഴിമതികള്‍ നടത്തി രാജ്യത്തെ കൊള്ളയടിക്കുകയും പൗരന്മാരെ വിലക്കയറ്റത്തിലേക്ക് വലിച്ചെറിഞ്ഞ് പൊറുതിമുട്ടിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിനെ ജനം അധികാരത്തില്‍ നിന്നും തൂത്തെറിയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്.
അഴിമതിയിലും ദുര്‍ഭരണത്തിലും ചരിത്രം സൃഷ്ടിച്ചിരിക്കുന്ന കോണ്‍ഗ്രസിനെ കേന്ദ്രഭരണത്തില്‍ നിന്നും പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി കൊല്ലം ഹെഡ്പോസ്റ്റാഫീസ് പടിക്കല്‍ ബിജെപി നടത്തിയ ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ശാപമായിരിക്കുന്നു. ഒരു അവസരത്തിനായി തെരഞ്ഞെടുപ്പിനെ പ്രതീക്ഷിച്ചിരിക്കുകയാണവര്‍. കാല്‍ക്കാശിന് പോലും ഗുണമില്ലാത്ത പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗ്. തെരഞ്ഞെടുപ്പിനെ നട്ടെല്ലോടെ നേരിട്ടുകൊണ്ടല്ല, മറിച്ച് പാര്‍ലമെന്റിന്റെ മതില്‍ചാടി കടന്ന് പ്രധാനമന്ത്രിയായ ആളാണ് അദ്ദേഹം.
കര്‍മ്മശേഷിയുടെ പ്രതീകങ്ങളായ സ്വന്തം കരങ്ങളെ പോക്കറ്റിലാഴ്ത്തിവച്ചിരിക്കുന്ന ഭീരുവും കഴിവുകെട്ടവനുമായ ഇങ്ങനെ ഒരു പ്രധാനമന്ത്രി എന്തിനാണെന്ന് രാജ്യത്തെ ജനങ്ങള്‍ ഉറക്കെ ചിന്തിക്കുന്നുണ്ട്. കോമണ്‍വെല്‍ത്തും ടുജി സ്പെക്ട്രവും ആദര്‍ശ് ഫ്ലാറ്റ് കുംഭകോണവും കല്‍ക്കരി അഴിമതിയുമെല്ലാം പ്രധാനമന്ത്രിയുടെ മൗനാനുവാദത്തോടെ നടന്നതാണ്. രാജ്യത്തെ കൊള്ളയടിക്കുന്ന കോണ്‍ഗ്രസിനെയല്ല, രാജ്യത്തിന്റെ പുരോഗതിക്കായി അഹോരാത്രം കര്‍മ്മനിരതനായ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് അധികാരത്തില്‍ വരേണ്ടത്. എതിര്‍പ്പുകളുടെ മഹാമാരികള്‍ നേരിട്ടാണ് ഗുജറാത്തില്‍ മോദി ഭരണത്തില്‍ തുടരുന്നത്. എന്തെല്ലാം എതിര്പ്പുണ്ടാക്കിയാലും കോണ്‍ഗ്രസിന്റെ അഴിമതികോട്ടകള് തകര്‍ത്ത് ദേശീയതലത്തില്‍ നരേന്ദ്രമോദിയുടെ ജൈത്രയാത്ര തുടരും. അഴിമതിക്കാരായ കോണ്‍ഗ്രസുകാരെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ് ചാണകവെള്ളം തളിച്ച് ശുദ്ധമാക്കുവാന്‍ ഇനി അധികം നാളുകളില്ലെന്നും കെ.പി.ശ്രീശന് പറഞ്ഞു.
ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ അശ്ലീലമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് കെ.പി.ശ്രീശന് ചൂണ്ടിക്കാട്ടി. കുടുംബസമേതം ടിവി കാണാനാകാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
നിയമസഭ മുഴുവന്‍ സരിതമയമാണ്. മുന്‍മന്ത്രിയുടെ കിടപ്പറ രഹസ്യങ്ങള്‍ തേടിപോയപ്പോള്‍ ഇടതുമുന്നണിയുടെ ഉടുതുണിയും അഴിഞ്ഞുപോയിരിക്കുന്നു. തെറ്റയിലിനെ പുറത്താക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും സദാചാരരാഷ്ട്രീയത്തിന്റെ വക്താവ് ചമയുന്ന പിണറായി വിജയനും സ്വീകരിച്ച നിലപാട് സദാചാരവിരുദ്ധതയില് രണ്ടുമുന്നണികളും ഒരേ തൂവല്പക്ഷികളാണെന്നതിന് ഒന്നാന്തരം ഉദാഹരണമാണ്. ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തെ അഴുക്കുചാലിലെത്തിച്ചിരിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങളില്‍ താല്പര്യമില്ല.
മലയാളികളായ സ്വാമിമാര്‍ ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി അവിടെ പോകാതെ അതിനുമപ്പുറം അറബിനാട്ടിലേക്ക് അവാര്‍ഡ് വാങ്ങാന്‍ പോയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ നേരിട്ടെത്തി അവരുടെ ആയിരക്കണക്കിന് പൗരന്മാരെ പ്രളയസ്ഥലത്ത് നിന്നും രക്ഷിച്ചു നാട്ടിലെത്തിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അനാഥരായി അലയേണ്ടിവന്നു. കൊടുംക്രിമിനലുകളായ സരിതക്കും ബിജുരാധാകൃഷ്ണനുമെല്ലാം മണിക്കൂറുകള്‍ ചര്‍ച്ചയ്ക്കായി അനുവദിച്ച മുഖ്യമന്ത്രി നെറികേടാണ് ഉത്തരാഖണ്ഡ് വിഷയത്തില്‍ ശിവഗിരിമഠത്തിലെ സ്വാമിമാരോട് കാട്ടിയത്. നൂറില്‍ താഴെ കേരളീയര്‍ മാത്രമാണ് ഉത്തരാഖണ്ഡില്‍ പെട്ടുപോയത്. എന്നിട്ടും ചെറുവിരലനക്കാത്ത നീചമായ പെരുമാറ്റമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്നുണ്ടായതെന്നും കെ.പി.ശ്രീശന് ചൂണ്ടിക്കാട്ടി. ഓരോ വിഷയങ്ങളിലും പുകമറകള്‍ സൃഷ്ടിച്ച് ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്.
പ്രീണനരാഷ്ട്രീയമാണ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നിലുള്ളത്. നിയമസഭയില്‍ പ്രതിനിധ്യം ഇല്ലെങ്കിലും ബിജെപി ഇത് ജനമധ്യത്തില്‍ തുറന്നുകാട്ടും. വരുംദിവസങ്ങള്‍ ശക്തമായ മാറ്റങ്ങളുടേതായിരിക്കുമെന്നും കെ.പി.ശ്രീശന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.?സുനില്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന കാര്യാലയപ്രഭാരി എം.എസ്.ശ്യാംകുമാര്‍, സംസ്ഥാനസമിതിയംഗം കെ.ശിവദാസന്‍, ബി.രാധാമണി, നളിനി ശങ്കരമംഗലം, മൗട്ടത്ത് മോഹനന് ഉണ്ണിത്താന്, ജി.?ഗോപിനാഥന്, പന്നിമണ്‍ രാജേന്ദ്രന്, പന്നിമണ്‍ രാജേന്ദ്രന്, മാമ്പുഴ ശ്രീകുമാര്‍, അഡ്വ. രാജേന്ദ്രന്‍പിള്ള, ബി.ഐ. ശ്രീനാഗേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ നിന്നാരംഭിച്ച പ്രകടനം താലൂക്ക് കച്ചേരി ജംഗ്ഷന്, ചാമക്കട, മെയിന്‍ റോഡ്, ചിന്നക്കട വഴി ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിലെത്തി. ഇവിടെ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് പ്രവര്‍ത്തകരെ തടഞ്ഞു.
മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പിന്നീട് റോഡില്‍ കുത്തിയിരുന്നു. ഉദ്ഘാടനപ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചു. ഈസ്റ്റ് എസ്.ഐ.ജി.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പ്രകടനത്തിന് വി.?എസ് വിജയന്, അനില്‍ വാഴപ്പള്ളി, മാലുമേല്‍ സുരേഷ്, ഭരണിക്കാവ് രാജന്, ഓലയില്‍ ജി.ബാബു, സുഭാഷ് പട്ടാഴി, വടക്കേവിള മനോജ്, വെള്ളിമണ്‍ ദിലീപ്, ആലംചേരി ജയചന്ദ്രന്, അഡ്വ.കൃഷ്ണചന്ദ്രമോഹന്‍, അഡ്വ.ആര്.എസ്.പ്രശാന്ത്, ബൈജു ചെറുപൊയ്ക, വിളക്കുടി ചന്ദ്രന്, നെടുമ്പന സജീവ്, രാജിപ്രസാദ്, വസന്ത ബാലചന്ദ്രന്, സുമാദേവി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: