കൊല്ലം: പരാതിപരിഹാരം ലക്ഷ്യമാക്കി മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്കപരിപാടി ആഗസ്റ്റ്-സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ നടത്തും. കൊല്ലത്ത് സെപ്തംബര്‍ 30നാണ് ജനസമ്പര്‍ക്ക പരിപാടി.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഇത്തവണ ജനസമ്പര്‍ക്ക പരിപാടി നടത്തുക. അക്ഷയ സെന്ററുകള്‍ വഴിയാണ് പരാതികള്‍ സ്വീകരിക്കുന്നത്. താലൂക്കാഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിലും പരാതികള്‍ നല്‍കാം. ഇന്റര്‍നെറ്റ് കണക്ഷന് ഉള്ള ഏതു കംപ്യൂട്ടര്‍ ഉപയോഗിച്ചും പരാതികള്‍ നല്‍കാം.
വ്യാജപരാതികള്‍ ഒഴിവാക്കാനുള്ള സംവിധാനം വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരാതി നല്കി കഴിയുമ്പോള്‍ ലഭിക്കുന്ന ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ നിജസ്ഥിതി അറിയാം. ജനസമ്പര്‍ക്കപരിപാടി നടക്കുന്നതിന് 30 ദിവസം മുന്‍പ് വരെ അപേക്ഷ സ്വീകരിക്കും. എല്ലാ ജില്ലാതല ഓഫീസര്‍മാര്‍, റവന്യൂ തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് വെബ്പോര്ട്ടറില് അക്കൗണ്ട് ഉണ്ടായിരിക്കും. എല്ലാദിവസവും ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാസെല്ലില്‍ നിന്നും ജില്ലാ ഓഫീസറുടെ അക്കൗണ്ടിലേക്ക് പരാതി ഓണ്‍ലൈനായി നല്‍കും. പരാതിയെപ്പറ്റി ബന്ധപ്പെട്ട ഓഫീസര്‍ അന്വേഷിച്ച് നിജസ്ഥിതി കളക്ടറേറ്റിലെ ജനസമ്പര്‍ക്ക സെല്ലില്‍ ഓണ്‍ലൈനിലൂടെ അറിയിക്കും. തുടര്‍ന്ന് കളക്ടര്‍ പരാതിയിന്മേല് റിപ്പോര്‍ട്ട് തയ്യാറാക്കി ജനസമ്പര്‍ക്ക പരിപാടിക്ക് കുറഞ്ഞത് 15 ദിവസം മുന്‍പ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്ക്രീനിംഗ് കമ്മിറ്റി കൂടും.
സ്ക്രീനിംഗ് കമ്മിറ്റിക്ക് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. പൊതുവായി വരുന്ന വിഷയങ്ങള്‍, നയപരമായി വരുന്ന കാര്യങ്ങള്‍ എന്നിവ ഒഴിച്ച് ബാക്കിയെല്ലാം അപ്പോള്‍ തന്നെ തീര്‍പ്പാക്കും. പരാതിക്കാരനെ നേരിട്ട് കണ്ട് പരിഹരിക്കേണ്ട വിഷയങ്ങള്‍ ജനസമ്പര്‍ക്ക ദിവസത്തേക്ക് മാറ്റിവക്കും. പരാതികളിന്മേല് കാബിനറ്റ്/നയപരമായ തീരുമാനങ്ങള്‍ വേണമെങ്കില്‍ അത് ഈ ദിവസങ്ങള്‍ക്കുള്ളില്‍ എടുക്കും. സ്ക്രീനിംഗ് കമ്മിറ്റി കഴിയുമ്പോള്‍ പരാതികളിന്മേലുള്ള തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇത് എസ് എം എസ് വഴി പരാതിക്കാരനെ അറിയിക്കും.
ഓണ്‍ലൈനിലും വിവരങ്ങള്‍ ലഭിക്കും. ജനസമ്പര്‍ക്ക ദിനത്തില്‍ മുഖ്യമന്ത്രിയെ കാണേണ്ടവരുടെ സമയക്രമം എസ്എംഎസ്, ഇ-പോസ്റ്റ് വഴി അറിയിക്കും. ജനസമ്പര്‍ക്കപരിപാടി ദിവസം ഉദ്ഘാടനം സമ്മേളനം ഉണ്ടായിരിക്കില്ല. ഒന്‍പത് മണിക്ക് പരിപാടി തുടങ്ങും.
സമയക്രമം അനുസരിച്ച് പരാതിക്കാരനെ നേരിട്ട് വിളിക്കുന്നതും തീര്‍പ്പാക്കുന്ന വിഷയങ്ങള്‍ അപ്പോള്‍തന്നെ ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്നതുമാണ്. സമയം നിശ്ചയിച്ച് നല്കപ്പെട്ടിട്ടുള്ളവര്ക്കാണ് പരിപാടി എങ്കിലും നേരിട്ട് പരാതിയുമായി വരുന്നവരെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കാണുന്നതും പരാതികള്‍ സ്വീകരിക്കുന്നതുമാണ്. ജില്ലയില്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: