ജൊഹാന്നസ് ബര്‍ഗ്: വര്‍ണവിവേചന വിരുദ്ധ പോരാട്ടത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്സന് മണ്ടേല പ്രിട്ടോറിയയിലെ ആശുപത്രിക്കിടക്കില്‍ മരണത്തോട് മല്ലിടവെ, അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലത്തെക്കുറിച്ച് ബന്ധുക്കള്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നെന്ന് റിപ്പോര്‍ട്ട്.
മണ്ടേലയുടെ ചെറുമകന് മാന്‍ഡ്ല ഒരുവശത്തും മറ്റുബന്ധുക്കള്‍ മറുവശത്തുമായാണ് വാഗ്വാദം. മണ്ടേലയെ ജന്മസ്ഥലമായ വെസോയില്‍ സംസ്കരിക്കണമെന്ന് മാന്‍ഡ്ല വാശിപിടിക്കുമ്പോള്‍ അദ്ദേഹത്തിന് മക്കളുടെ ശവകൂടീരത്തിനടുത്ത് അന്ത്യവിശ്രമമൊരുക്കണമെന്ന് മറ്റു ബന്ധുക്കള്‍ വാദിക്കുന്നു. മണ്ടേലയുടെ നില ഗുരുതരമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന കുടുംബ യോഗത്തിലാണ് അഭിപ്രായ വ്യത്യാസം മറനീക്കിയത്. മണ്ടേലയുടെ രണ്ടാം ഭാര്യയായ വിന്നിയുടെ മകള്‍ സെനാനിയും യോഗത്തിനെത്തിയിരുന്നു.
ആദ്യ ഭാര്യ എവ്ലൈനില് മണ്ടേലയ്ക്കു ജനിച്ച മക്കാഗാത്തോയുടെ മകനാണ് മാന്‍ഡ്ല. മക്കാഗാത്തോ 2005ല്‍ മരിച്ചിരുന്നു.ക്യൂനുവിലെ കുടുംബ വീടിനു സമീപം, സഹോദരങ്ങളായ മക്കാസിവ്, തെംബെക്കിലെ എന്നിവരുടെ കല്ലറയ്ക്കരുകിലാണ് മക്കാഗാത്തോയെ സംസ്കരിച്ചത്.
എന്നാല്‍ 2011ല്‍ കല്ലറകള്‍ തുറന്ന മാന്‍ഡ്ല മൂന്നുപേരുടെയും ഭൗതികാവശിഷ്ടങ്ങളെടുത്ത് വെസോയില്‍ പുനഃസംസ്കരിച്ചു. തങ്ങളുടെ അനുമതിയില്ലാതെയാണ് മാന്‍ഡ്ല ഇങ്ങനെ ചെയ്തതെന്നാണ് ബന്ധുക്കളില്‍ ഭൂരിഭാഗം പേരുടെയും ആരോപണം. മൂന്നുപേരുടെയും ഭൗതീകാവശിഷ്ടങ്ങള്‍ ക്യൂനുവിലെ പഴയ കല്ലറകളില്‍ തിരിച്ചെത്തിക്കാനും അവര്‍ ആവശ്യപ്പെട്ടു. കുപിതനായ മാന്‍ഡ്ല കുടുംബയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്നും ദക്ഷിണാഫ്രിക്കന്‍ പത്രമായ ദ സ്റ്റാര്‍ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: