കുണ്ടറ: കുഴിയം കാപ്പക്സ് കശുവണ്ടി ഫാക്ടറിയിലെ സ്ത്രീതൊഴിലാളികളുടെ ബാത്ത് റൂമില്‍ മൊബെയില്‍ ഒളിക്യാമറ സ്ഥാപിച്ച ഫാക്ടറിയിലെ പുരുഷതൊഴിലാളികളെ ഉടനെ കസ്റ്റഡിയിലെടുത്ത് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതാണെന്നും ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് രാജലക്ഷ്മി ശിവജി പറഞ്ഞു.
പനയം പഞ്ചായത്ത് സമ്മേളനം ചാറുകാട് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീസുരക്ഷയ്ക്കും സ്ത്രീശാക്തീകരണത്തിനും സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ബിഎംഎസ് മുന്‍തൂക്കം നല്‍കുന്നതെന്നും അതോടൊപ്പം വിലക്കയറ്റത്തിലും അഴിമതിയിലും കൊടിയ ദുരിതം അനുഭവിക്കുന്ന രാജ്യത്തെ രക്ഷിക്കാന്‍ തൊഴിലാളി സമൂഹത്തിന്റെ ഐക്യം അനിവാര്യമായിരിക്കുന്നതായും രാജലക്ഷ്മി ശിവജി പറഞ്ഞു. അനിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ശിവരാജ്, ഗോപന്, സുധാകരന്, പ്രസന്നന്, വിജയന് എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ പനയം പഞ്ചായത്തിലെ ഹെഡ്ലോഡ് തൊഴിലാളികള്‍ നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളികള്‍, വിവിധ യൂണിറ്റുകളിലെ മോട്ടോര്‍ തൊഴിലാളികള്‍, കശുവണ്ടിതൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് അനില്‍കുമാര്‍ പ്രസിഡന്റും വിജയകുമാര്‍ സെക്രട്ടറിയും രാജു ട്രഷററായും കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: