ആലപ്പുഴ: രാഷ്ട്രീയ കേരളത്തിന്റെ സമരനായിക കെ.ആര്.ഗൗരിയമ്മയ്ക്ക് നാളെ പിറന്നാള്‍. 94 വയസ് പിന്നിടുമ്പോഴും രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമാണ് അവര്‍. ബാല്യകാലത്തെ ജന്മദിനാഘോഷങ്ങളുടെ ഓര്‍മകള്‍ മനസില്‍ ഇന്നും താലോലിക്കുന്നതായി ഗൗരിയമ്മ പറഞ്ഞു.
ഈ ജന്മദിനത്തിനും ആരെയും ക്ഷണിച്ചിട്ടില്ല. തിരക്കുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് ക്ഷണിക്കാത്തതെന്ന് ഗൗരിയമ്മ പറഞ്ഞു. എന്നാല്‍ അതിഥികളെകൊണ്ട് നാളെ ചാത്തനാട്ടെ വീട് നിറയും.
ഈ ജന്മദിനത്തിലും പ്രത്യേക ആഘോഷങ്ങളില്ല. രാവിലെ ക്ഷേത്രത്തില്‍ പോകും. സുഖമില്ല, ഗുരുവായൂരപ്പനെ തൊഴാന്‍ പോകാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. വീട്ടില്‍ ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ മാല ചാര്‍ത്തി പ്രാര്‍ഥിക്കും. പിന്നീട് കേക്ക് മുറിച്ച് ആഘോഷം. വീട്ടില്‍ ചെറിയതോതില്‍ സദ്യയുമുണ്ടാകും.
ചെറുപ്പകാലത്ത് തന്റെ ജന്മദിനം കൂട്ടുകുടുംബത്തിലെ മുതിര്‍ന്നവരും ചെറിയ കുട്ടികളും വരെ വളരെ ഉത്സവപൂര്വമായാണ് ആഘോഷിച്ചിരുന്നതെന്ന് പറയുമ്പോള്‍ മുഖത്ത് സന്തോഷത്തിന്റെ ഭാവം നിറയുന്നു. ജന്മദിനത്തില് അമ്മയുണ്ടാക്കി തരുന്ന പ്രത്യേക ഭക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു. ആ രുചി ഇപ്പോഴും മനസില്‍ നിന്ന് മായുന്നില്ല. അക്കാലയളവില്‍ ജന്മദിനാഘോഷം തുടങ്ങുന്നത് തന്നെ രാവിലെ പുതുവസ്ത്രമണിഞ്ഞ് വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ്.
വീട്ടില്‍ ഞങ്ങള്‍ 10 മക്കളാണ്. എല്ലാവരും തന്നോടെപ്പം അന്ന് ക്ഷേത്രത്തില്‍ വരാറുള്ളത് ഓര്‍മയില്‍ നിന്നും കുഞ്ഞമ്മ പറയുന്നു. പിന്നീട് വീട്ടില്‍ തയ്യാറാക്കിയിട്ടുള്ള സദ്യ. അതും ഒത്തിരി വിഭവങ്ങളൊന്നും ഇല്ല. വീട്ടിലെ തൊടിയില്‍ നിന്ന് ശേഖരിക്കുന്ന പച്ചക്കറിയാണ് ഇതിനുപയോഗിക്കുന്നത്. ഒരു ഉപ്പേരിയും കാളനുംമാത്രമാണ് അന്നത്തെ വിഭവങ്ങള്‍. പിന്നീട് അടപ്രഥമന്‍ കൊണ്ട് പായസം. വളരെ സമ്പന്ന കുടുംബമായതുകൊണ്ട് തന്നെ അന്നേ ദിവസം വീട്ടില്‍ കര്‍ഷകതൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും പാവപ്പെട്ടവരായിട്ടുള്ള ആളുകള്‍ക്കും ഇലയിട്ട് സദ്യ നല്‍കാറുണ്ട്. അവര്‍ ഭക്ഷണം കഴിക്കുന്നത് കാണുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്.
പിന്നീട് എല്ലാവരും കൂടിയിരുന്നു നാട്ടുകാര്യവും വീട്ടുകാര്യവും പറഞ്ഞതിന് ശേഷമായിരിക്കും മടക്കം. ഇപ്പോള്‍ അതെല്ലാം ഓര്‍മയില്‍ മാത്രം. വീട്ടില്‍ തനിച്ചിരിക്കുമ്പോഴാണ് അതിന്റെയെല്ലാം വേദന അറിയുന്നത്. ഇപ്പോള്‍ ജന്മദിനം ഒരു ചടങ്ങ് മാത്രമാണ്. അത് വളരെ ആഘോഷമാക്കാന്‍ താല്പര്യമില്ല, പിന്നെ പണ്ടുകാലം മുതല്‍ നിലനില്‍ക്കുന്നതിനാല്‍ അത് ഇങ്ങനെ തുടര്‍ന്ന് പോരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ തന്നെ അലട്ടുന്നുണ്ടെങ്കില്‍ പ്രവര്‍ത്തന മണ്ഡലത്തില്‍ ഗൗരിയമ്മ ഇപ്പോഴും കര്‍മനിരതയാണ്.
കെ.പി. അനിജമോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: