ഹരിപ്പാട്: അയല്‍വാസിയുടെ വീടിന്റെ സിറ്റൗട്ടില്‍ യുവതി മരിച്ചുകിടന്ന സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കാമുകന് വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ രാജേഷി (28)നെ ഹരിപ്പാട് സിഐ: കെ.എസ്.ഉദയഭാനു അറസ്റ്റ് ചെയ്തു.
വെട്ടുവേനി മുതലപ്പള്ളി തെക്കതില്‍ പ്രമോദിന്റെ ഭാര്യ സുനിത (28)യെയാണ് കഴിഞ്ഞ 18ന് രാവിലെ കാമുകന്റെ വീടിന്റെ സമീപത്തെ സിറ്റൗട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഒരുവര്‍ഷമായി ഭര്‍ത്താവിനോട് പിണങ്ങി കാമുകനോടൊപ്പം രാത്രികാലങ്ങളില്‍ മാത്രം കഴിയുന്ന സുനിത രാജേഷിനെ കൊലനടക്കുന്ന ദിവസം വിവാഹം ചെയ്യാന്‍ തയാറെടുത്തിരുന്നതാണ്. എന്നാല്‍ രാജേഷിന് അയല്‍വാസിയുമായുണ്ടായ കേസുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്റ്റേഷനില്‍ പോകേണ്ടി വന്നതിനാല്‍ വിവാഹം നടന്നില്ല. അമ്മുമ്മയോടൊപ്പം താമസിച്ചുവന്ന സുനിത എല്ലാദിവസവും രാത്രി 7.30ന് രാജേഷിന്റെ വീട്ടിലെത്തി പിറ്റേന്ന് പുലര്‍ച്ചെ 4.30ന് മടങ്ങിപ്പോകുന്നത് പതിവായിരുന്നു.
എന്നാല്‍ കൊലനടന്ന ദിവസം രാത്രി വിവാഹം നടക്കാതെ പോയതില്‍ ഇരുവരും വഴക്കിടുന്നതിനിടെ രാജേഷ് സുനിതയെ തള്ളി. പിന്നോട്ട് വീണ സുനിത അബോധാവസ്ഥയിലായി. പിന്നെയും മര്‍ദ്ദിച്ച ശേഷം ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ കെട്ടി 20 മിനിറ്റോളം വീടിന്റെ ഉത്തരത്തിന്റെ മുകളില്‍ കെട്ടി താഴോട്ടും മുകളിലോട്ടുമായി വലിച്ചു. മരിച്ചുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ കട്ടിലില്‍ കിടത്തി കതക് അടച്ചു. പിന്നീട് അലമാരയില്‍ ഉണ്ടായിരുന്ന സിന്ദൂരവും മൊബെയില്‍ ഫോണും വീടിന്റെ ചെടിച്ചെട്ടിയില്‍ ഉപേക്ഷിച്ചു.
വിഭ്രാന്തിയിലായ രാജേഷ് മരിച്ചുകിടന്ന സുനിതയോടൊപ്പം കട്ടിലില്‍ കിടന്നുറങ്ങി. പുലര്‍ച്ചെയോടെ സുനിതയുടെ മൃതദേഹവുമായി ഭര്‍ത്താവിന്റെ വീടിന് സമീപത്തേക്ക് നടന്നപ്പോള്‍ തോളില്‍ കിടന്ന മൃതദേഹം തെന്നി താഴെ വീണു. ഇതേതുടര്‍ന്നാണ് സമീപത്തെ വീട്ടിലെ സിറ്റൗട്ടില്‍ സുനിതയുടെ മൃതദേഹം ഉപേക്ഷിച്ചത്. പിറ്റേന്ന് കസ്റ്റഡിയിലെടുത്തപ്പോള്‍ കയ്യിലും ശരീരത്തും സിന്ദൂരമുണ്ടായിരുന്നതാണ് കൊലപാതകവുമായി രാജേഷിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എസ്ഐ: ബിജു.വി.നായര്‍, അഡീഷണല്‍ എസ്ഐ: വിക്രമന്, നൗഫല്‍, സുജിത്, ജയപ്രകാശ്, നഹാസ്, രാജേഷ്, ജയചന്ദ്രന് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: