മലപ്പുറം: സംസ്ഥാനത്തെ ഭൂരഹിതരായ നിര്‍ദ്ധനര്‍ക്ക് സൗജന്യമായി ഭൂമി നല്ക്കുന്ന പദ്ധതി അട്ടിമറിക്കാന്‍ നീക്കം. വില്ലേജ് ഓഫീസുകള്‍ വഴി പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്ന പദ്ധതിയാണ് ഗുണഭോക്താക്കള്‍ക്ക് ദുരിതവും അതോടൊപ്പം ആശങ്കയും പരത്തുന്നത്. മൂന്ന് സെന്റ് ഭൂമിയാണ് ഭൂമിയില്ലാത്തവരും താഴ്ന്ന വരുമാനമുള്ളവര്‍ക്കും നല്‍കുന്നത്. ഇതുപ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഭൂമി നല്കുന്നതാകട്ടെ കാസര്‍കോഡ് ജില്ലയിലെ വികസനം ചെന്നെത്താത്ത സ്ഥലത്താണ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അപേക്ഷ നല്‍കിയവര്‍ക്കെല്ലാം തന്നെ കാസര്‍കോഡ് ജില്ലയില്‍ ഭൂമി നല്കാന് ഉത്തരവായിരിക്കുന്നത്.
സ്വന്തം സ്ഥലം വിട്ട് മൂന്ന് സെന്റ് സ്ഥലത്തിനുവേണ്ടി ഉറ്റവരെയും നാടിനെയും ഉപേക്ഷിച്ച് പോകേണ്ട ഗതികേടിലാണ് ഗുണഭോക്താക്കള്‍. കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസുകളില്‍ നിന്നും ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. ഭൂമി സ്വീകരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് സമ്മത പത്രത്തില്‍ ഒപ്പിട്ടുനല്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗുണഭോക്താക്കളെ സംബന്ധിച്ച് ഇത് ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. ഭൂമി സ്വീകരിച്ചില്ലെങ്കില്‍ ഇനി സര്‍ക്കര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമോ എന്ന ആശങ്കയാണ് പ്രധാനമായും ഉള്ളത്. ഇതിന് പുറമെ മൂന്ന് സെന്റ് ഭൂമി കാസര്‍കോഡ് ജില്ലയില്‍ സ്വീകരിച്ചാല്‍ തന്നെ വീട് നിര്‍മ്മിക്കാന്‍ ഏറെ കാലതാമസമെടുക്കും. പഞ്ചായത്തുകളും മറ്റും വീടുകള്‍ അനുവദിക്കുന്നത് ഗ്രാമസഭകള്‍ വഴിയാണ്.
ഇപ്പോള്‍ ഭൂമി ലഭിക്കുന്നവര്‍ അവിടെ താമസമാക്കി അപേക്ഷകളെല്ലാം സമര്‍പ്പിച്ചാല്‍ തന്നെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാറിന്റെ ഭവന നിര്‍മ്മാണ പദ്ധതികളെല്ലാം തന്നെ അനിശ്ചിത്വത്തിലാണ്. പലര്‍ക്കും സര്‍ക്കാര്‍ വീടുനല്കുന്നതിന് പണം അനുവദിച്ചിട്ടുണ്ടെങ്കിലും കൃത്യസമയത്ത് നല്കാന് സാധിക്കുന്നില്ല. ഓരോ വില്ലേജ് ഓഫീസുകളിലും 250 ഓളം അപേക്ഷകളാണ് എത്തിയിട്ടുള്ളത്. ഇതില്‍ നിന്ന് 150 ഓളം പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വിധവകള്‍, അഗതികള്‍, അംഗവൈകല്യം ബാധിച്ചവര്‍ തുടങ്ങി മുന്‍ഗണനാക്രമത്തിലാണ് ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കിയത്. ആരോരുമില്ലാത്തവര്‍ കേരളത്തിന്റെ അറ്റത്ത് ചെന്ന് വീടുവച്ച് താമസിച്ചാല്‍ തന്നെ അവര്‍ക്ക് ജോലിക്കുപോകുവാനോ, അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനോ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതിനിടയില്‍ ഈ പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢ നീക്കമാണ് പുതിയ നടപടിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അപേക്ഷകര്‍ ഭൂമി ഏറ്റെടുക്കാതെ നിരസിച്ചാല്‍ അത് ഉയര്‍ത്തികാട്ടാനുള്ള നീക്കമാണ് സര്‍ക്കാറിന്റേതെന്ന് പറയുന്നു.
ഇതിനിടയില്‍ പഞ്ചായത്തുകള്‍ നല്കുന്നതുപോലെ ഭൂമിക്ക് വില നല്കുന്ന രൂപത്തിലേക്ക് പദ്ധതിയെ മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അങ്ങിനെ വന്നാല്‍ അതാത് ജില്ലയില്‍ തന്നെ മറ്റുള്ളവരുടെ സഹായങ്ങള്കൊണ്ടോ മറ്റോ വിലകുറവുള്ള സ്ഥലം വാങ്ങി വീടുയര്ത്താമെന്ന് ഏവരും പറയുന്നു. ഭൂമി ലഭിച്ച ഗുണഭോക്താക്കള്‍ സര്‍ക്കാറിന്റെ ഉത്തരവില്‍ എന്ത് തീരുമാനമെടുക്കണെന്നറിയാതെ കുഴയുകയാണ്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: