പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ ആറു ലക്ഷം രൂപ വില വരുന്ന ഹെറോയിനുമായി മുര്‍ഷിദാബാദ് സ്വദേശികളായ രണ്ടു പേരെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി.
മിട്ടുഭായി എന്നു വിളിക്കുന്ന സേവാദ് ഹസന്(25), ജാബാ മണ്ടല്‍(34)എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 8 മണിയോടെ മുടിക്കല്‍ സ്കൂള്‍ പടിയിലുള്ള വെയിറ്റിംഗ് ഷെഡില്‍ ഹെറോയിന്‍ വില്‍ക്കാനായി നില്‍ക്കുമ്പോഴാണ് പെരുമ്പാവൂര്‍ എക്സൈസ് സി.ഐ കെ.കെ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഇരുവരെയും പിടികൂടിയത്.
50 ഗ്രാം ഹെറോയിനാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഇവര്‍ ബംഗാളില്‍ നിന്ന് കൊണ്ടുവന്നതാണ് ഇതെന്നാണ് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത്.
അവിടെ ഇതിന് ഗ്രാമിന് 40,000 രൂപയാണ് വില. ചെറിയ പൊതിക്ക് 5,000 രൂപയ്ക്കാണ് ഇവര്‍ ഇത് ഇവിടെ വില്‍ക്കുന്നത്. ഇവരുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ ടി.വിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ കണ്ടെടുത്തു.
സാധാരണ ആരും ചിന്തിക്കാത്ത ഇടങ്ങളായ സ്വിച്ച് ബോര്‍ഡിനകത്തും പ്രവര്‍ത്തിക്കുന്ന ടി.വിക്കുള്ളിലുമൊക്കെയാണ് ഇവര്‍ മയക്കുമരുന്ന് സൂക്ഷിക്കുന്നതെന്ന് പൊലീസ് പറയുന്നു.
വടക്കേന്ത്യക്കാരെ ലക്ഷ്യമിട്ടാണ് ഇവര്‍ ഹെറോയിനുമായി കേരളത്തിലെത്തിയത്. വടക്കേന്ത്യക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന മയക്കുമരുന്നാണ് ഹെറോയിന്‍. ഒരുതവണ ഉപയോഗിച്ചാല്‍ തന്നെ അടിമകളായി പോകുന്നതാണ് ഈ മയക്കുമരുന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: