മുംബൈ: ഇന്ത്യന്‍ നായകന്മാരില് തനിക്ക് ഏറെ പ്രിയം സൗരവ് ഗാംഗുലിയോടാണെന്ന് വെസ്റ്റ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസവും മുന്‍ നായകനുമായ ബ്രയാന്‍ ലാറ. നിതാന്തവൈരികളായ ആസ്ട്രേലിയയുമായുള്ള മത്സരത്തില്‍ ഗാംഗുലി കാഴ്ചവച്ചപ്രകടനം അദ്ഭുതപ്പെടുത്തുന്നതാണെന്നും ലാറ പറഞ്ഞു.
സൗരവിനോടാണ് എനിക്കേറ്റവും പ്രിയം. ആസ്ട്രേലിയയ്ക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രകടനം ആശ്ചര്യപ്പെടുത്തുന്നതാണ്. എനിക്ക് അദ്ദേഹത്തോട് വളരെ ആദരവുണ്ട്. വ്യാഴാഴ്ച രാത്രി നായകത്വം സംബന്ധിച്ച ഡെല്‍ പരിപാടിക്കിടെ ലാറ പറഞ്ഞു. കപില്‍ദേവിനെയും നല്ല സുഹൃത്തായ സച്ചിന് ടെണ്ടുല്‍ക്കറെയും മികച്ച നേതൃത്വം പ്രകടിപ്പിക്കുന്നതിന് അനുമോദിക്കാനും ലാറ തയ്യാറായി. 1983ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനായിരുന്നു മേല്‍ക്കൈ. ഫൈനലില്‍ ടീം സുഖമായി ജയിച്ചു കയറുമെന്നായിരുന്നു തന്റെ വിചാരം. എന്നാല്‍ ഇന്ത്യ ജയിച്ചെന്ന വാര്‍ത്ത അദ്ഭുതപ്പെടുത്തി. ആ കളിയില്‍ നായകനായിരുന്ന കപില്‍ദേവ് വഹിച്ച പങ്ക് ചെറുതല്ലെന്നും ലാറ കൂട്ടിച്ചേര്‍ത്തു.
അതുപോലെ എന്റെ നല്ല സുഹൃത്താണ് ടെണ്ടുല്‍ക്കറും. അദ്ദേഹം ക്രിക്കറ്റില്‍ ആവിഷ്കരിച്ചത് ഒരിക്കലും ആവര്‍ത്തിക്കാന്‍ കഴിയാത്തതാണ്. ഇന്ത്യന്‍ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും അദ്ദേഹം നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹേന്ദ്രസിംഗ് ധോണിയുടെ നായകത്വത്തെക്കുറിച്ചും ലാറയ്ക്ക് നല്ല മതിപ്പുണ്ട്. ധോണി ഒരു നല്ല ശ്രോതാവാണ്. ആദ്യം ലക്ഷ്യം നിര്‍ണയിച്ച ശേഷം സഹകളിക്കാരോട് ആശയങ്ങളും അഭിപ്രായങ്ങളും തേടുന്നതാണ് ധോണിയുടെ ശൈലി. ലാറ ചൂണ്ടിക്കാട്ടി.
തന്റെ ആദ്യ ക്രിക്കറ്റ് ബാറ്റ് തെങ്ങിന്റെ മടലുകൊണ്ടുള്ളതായിരുന്നു. അതിനാല്‍ തന്നെ ഇപ്പോഴും തനിക്ക് അതിനോട് വല്ലാത്ത ഇഷ്ടമാണുള്ളത്. ചെറിയ പ്രായം തൊട്ടെ ഗ്രീനിഡ്ജിനും ഹെയ്ന്‍സിനും റിച്ചാര്‍ഡ്സിനും ശേഷം ലാറ എന്ന പേര് വെസ്റ്റ് ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്ന് താന്‍ വിശ്വസിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.മികച്ച ക്രിക്കറ്ററായതിന് തന്റെ പിതാവിനോട് കടപ്പെട്ടിരിക്കുന്നതായും കരീബിയന്‍ ജീനിയസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: