ജോഹന്നാസ്ബര്‍ഗ്: ശ്വാസകോശത്തില്‍ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് വഴിയില്‍ ബ്രേക്ക് ഡൗണായി എന്ന റിപ്പോര്‍ട്ട് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വഴിയില്‍പ്പെട്ട മണ്ഡേലയെ സൈനിക ആംബുലന്‍സ് വരുത്തിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പുതിയ ആംബുലന്‍സ് വരാനായി മണ്ഡേലക്ക് വഴിയില്‍ നാല്‍പ്പത് മിനിട്ടോളം കാത്തിരിക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്.
ഈ മാസം എട്ടിനാണ് നെല്‍സണ്‍ മണ്ഡേലയെ ആശുപത്രിയിലെത്തിച്ചത്. മണ്ഡേലയുടെ നില ഗുരുതരമാണെന്ന വാര്‍ത്തയോട് സര്‍ക്കാര്‍ പക്ഷേ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ മണ്ഡേലയുടെ നിലയില്‍ കാര്യമായ മാറ്റമില്ലെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. മുക്കാല്‍ മണിക്കൂറോളം വഴിയില്‍ തടസ്സംനേരിട്ടെങ്കിലും മണ്ഡേലയെ മറ്റൊരു വാഹനത്തില്‍ സുരക്ഷിതമായി എത്തിച്ചതില്‍ ഡോക്ടര്‍മാര്‍ സംതൃപ്തി അറിയിച്ചതായി പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നുള്ള വക്താക്കളിലൊരാള്‍ അറിയിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവുമുണ്ടായെങ്കിലും മുന്‍ പ്രസിഡന്റിന്റെ ആരോഗ്യനില വഷളാകാതെ ശ്രദ്ധിക്കാന്‍ കഴിഞ്ഞതായും വക്താവ് പറഞ്ഞു.
എന്നാല്‍ മണ്ഡേല ചികിത്സയോട് പ്രതികരിക്കാത്തായിട്ട് ദിവസങ്ങളായതായാണ് അറിയുന്നത്. കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം 50 ശതമാനത്തോളം കുറഞ്ഞുവെന്നും ജീവന് നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നുമാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഡിംസബര്‍ മുതല്‍ ഇത് നാലാമത് തവണയാണ് 94കാരനായ നെല്‍സണ്‍ മണ്ഡേല ആശുപത്രിയിലാകുന്നത്. അധികൃതര്‍ പുറത്തുവിടുന്നതിനെക്കാള്‍ വളരെ മോശമാണ് മണ്ഡേലയുടെ ആരോഗ്യസ്ഥിതിയെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: