വാഷിംഗ്ടണ്‍: പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തിയ ദേശീയ സുരക്ഷാ ഏജന്‍സിയുടെ മുന്‍ കോണ്ട്രാക്ടര് എഡ്വേര്‍ഡ് സ്നോഡനെതിരേ അമേരിക്ക ചാരവൃത്തിക്കുറ്റവും രഹസ്യം മോഷണം ചെയ്യല്‍ കുറ്റവും ചുമത്തി കേസെടുത്തു. ഓരോ കുറ്റത്തിനും പരമാവധി 10 വര്‍ഷം വീതം തടവ് ലഭിക്കും.
വെള്ളിയാഴ്ചയാണ് സ്നോഡനെതിരെ കുറ്റം ചുമത്തിയത്. സര്‍ക്കാര്‍ മുതല്‍ കൊള്ളയടിച്ചു, അനധികൃത ആശയവിനിമയത്തിലൂടെ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു, അതീവ രഹസ്യ സ്വഭാവമുളള രഹസ്യാന്വേഷണ വിവരങ്ങള്‍ മനപ്പൂര്‍വം കൈമാറി തുടങ്ങിയ കുറ്റങ്ങളാണ് സ്നോഡനെതിരേ ചുമത്തിയിട്ടുള്ളത്.
മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍ എന്നിങ്ങനെ ഒമ്പത് അമേരിക്കന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും ‘പ്രിസം“ എന്ന പദ്ധതിയിലൂടെ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന് സ്നോഡന് പുറത്തുവിട്ട വാര്‍ത്ത അമേരിക്കയില്‍ വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ സ്നോഡന് ഹോങ്കോംഗില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.
സ്നോഡനെതിരേ ജൂണ്‍ 14 നാണ് വെര്‍ജീനിയയിലെ ഫെഡറല്‍ കോടതിയില്‍ ക്രിമിനല്‍ പരാതി രജിസ്റ്റര്‍ ചെയ്തത്. കുറ്റം ചുമത്തിയ സാഹചര്യത്തില്‍ വിചാരണയ്ക്കായി സ്നോഡനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ഹോങ്കോംഗിനോട് ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അമേരിക്ക കൈക്കൊണ്ടിട്ടില്ലെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: