മലപ്പുറം: പാസ്പോര്‍ട്ട് വിതരണത്തില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കേസ് പുതിയ വഴിത്തിരിവിലേക്ക്. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നിരവധി പാസ്പോര്ട്ടുകള് വിതരണം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നെടുമ്പാശേരിയിലെപോലെ കരിപ്പൂര്‍ വിമാനത്താവളംവഴി വ്യാപകമായി മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടെന്ന സൂചനയും കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ചുള്ള അന്വേഷണം കൊച്ചിയിലെ പ്രത്യേക അന്വേഷണം സംഘം ആരംഭിച്ചു. ഇതിനുപുറമെ തീവ്രവാദ ബന്ധവും തള്ളിക്കളയാനാകില്ലെന്ന സൂചനയും അന്വേഷണസംഘം നല്‍കുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലും ചട്ടങ്ങള്‍ മറികടന്നായിരുന്നു എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നത്. പാസ്പോര്‍ട്ട് പരിശോധനയ്ക്കും മറ്റുമുള്ള സെക്ഷനില്‍ എസ്.പി റാങ്കിലുള്ള ഒരാള്‍ വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കാലങ്ങളായി മുഹമ്മദ് ഇഖ്ബാല്‍ എന്ന ഡിവൈഎസ്പി റാങ്കിലുള്ളയാളെയാണ് നിയമിച്ചിരുന്നത്. അടുത്തിടെയാണ് ഇയാളെ മാറ്റി ഐപിഎസ് റാങ്കുള്ള ഒരാളെ നിയമിച്ചത്. മുഹമ്മദ് ഇഖ്ബാല്‍ ലീഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണെന്ന് ആക്ഷേപമുണ്ട്.
ചട്ടങ്ങള്‍ ലംഘിച്ചാണ് മലപ്പുറം ജില്ലാ പാസ്പോര്‍ട്ട് ഓഫീസറായി വളാഞ്ചേരി സ്വദേശിയായ അബ്ദുല്‍ റഷീദിനെ നിയമിച്ചത്. കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് നിയമനമെന്ന് പറയപ്പെടുന്നു. നേരത്തെ കുഞ്ഞാലിക്കുട്ടിയുടെയും കെ പി എ മജീദിന്റെയും ഗണ്‍മാനായിരുന്ന ഇയാള്‍ ഇപ്പോള്‍ ഡിവൈഎസ്പി റാങ്കിലാണ്. എന്നാല്‍ ഡിവൈഎസ്പി റാങ്കിലുള്ള ഒരാളെ പാസ്പോര്‍ട്ട് ഓഫീസറായി നിയമിക്കാറില്ലെന്ന് പറയുന്നു. ഇത്തരത്തില്‍ ഡിവൈഎസ്പി റാങ്കിലുള്ളവര്‍ പാസ്പോര്‍ട്ട് ഓഫീസറായുള്ളത് കാശ്മീരില്‍ മാത്രാണ്. അബ്ദുല്‍ റഷീദിനെ പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന് പിന്നില്‍ ലീഗ് മന്ത്രിമാരുടെയും നേതാക്കളുടെയും കടുത്തസമ്മര്ദ്ദമാണെന്നും അറിയുന്നു. അറസ്റ്റ് വൈകുന്തോറും തെളിവ് നശിപ്പിക്കാനുളുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നാല്‍ മന്ത്രി കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടിവരും. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഏജന്റുമാരുടെ ഇടപെടല്‍ വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നായിരുന്നു സിബിഐ കഴിഞ്ഞ തിങ്കളാഴ്ച മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിന്റെ വളാഞ്ചേരി എടയൂരിലുള്ള വീട്ടിലും പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിലും റെയ്ഡ് നടത്തിയത്. 20 പേരടങ്ങുന്ന സിബിഐ സംഘമായിരുന്നു റെയ്ഡിന് നേതൃത്വം നല്‍കിയിരുന്നത്. റഷീദിന്റെ വീട്ടില്‍ നിന്നും രണ്ടരലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഇത് ട്രാവല്ഏജന്സികള് നല്‍കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ ട്രാവല്‍ ഏജന്‍സികളും സിബിഐയുടെ നിരീക്ഷണത്തിലാണ്. റഷീദിന്റെ വീടിനു പുറമെ പാസ്പോര്‍ട്ട് ഓഫീസിലെ മറ്റ് ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് സിബിഐ സംഘം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: