റിയോ ഡി ജെയിനെറോ: താഹിതിയെ ഗോള്‍മഴയില്‍ മുക്കി ലോക ചാമ്പ്യന്മാരായ സ്പെയിന് കോണ്‍ഫെഡറേഷന്‍ കാപ്പില്‍ കുതിപ്പ് തുടര്‍ന്നു. മാരക്കാനയില്‍ നടന്ന മത്സരത്തില്‍ ലോക ഫുട്ബോളിലെ കുഞ്ഞന്മാരായ താഹിതിയെ മറുപടിയില്ലാത്ത പത്ത് ഗോളുകള്‍ക്കാണ് ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിന് പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ആറ് പോയിന്റുമായി സ്പെയിന് സെമിബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന സ്പെയിന് രണ്ടാം പകുതിയില്‍ ആറ് തവണയാണ് താഹിതി വല കുലുക്കിയത്. മധ്യനിരയിലെ സൂപ്പര്‍താരങ്ങളായ സാവി, ഇനിയേസ്റ്റ, ഫാബ്രഗസ് തുടങ്ങിയവരെ സൈഡ് ബെഞ്ചിലിരുത്തിയാണ് സ്പാനിഷ് ടീം കളത്തിലിറങ്ങിയത്. സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ് ഹാട്രിക്കുള്‍പ്പെടെ നാലുഗോള്‍ സ്വന്തമാക്കിയപ്പോള്‍ ഡേവിഡ് വിയ്യ ഹാട്രിക്ക് നേടി. ഡേവിഡ് സില്‍വ രണ്ടും യുവാന്‍ മാട്ട ഒരുഗോളും കരസ്ഥമാക്കി.
തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ തഹിതി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ആദ്യമത്സരത്തില്‍ നൈജീരിയയോട് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് താഹിതി പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളാണ് താഹിതിക്കാര് വഴങ്ങിയത്. അവസാന മത്സരത്തില്‍ കരുത്തരായ ഉറുഗ്വെയാണ് താഹിതിയുടെ എതിരാളികള്‍. എന്നാല്‍ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിനെതിരെ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത 138-ാം റാങ്കുകാരായ താഹിതി ടീമിനെ 72,000 ഓളം വരുന്ന കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് യാത്രയയച്ചത്.
അഞ്ചാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസിന്റെ വകയായിരുന്നു സ്പെയിനിന്റെ ആദ്യ ഗോള്‍. പിന്നാലെ 33, 57, 78 മിനിറ്റുകളിലും ടോറസ് താഹിയതി വലയില്‍ പന്തെത്തിച്ചു. 39-ാം മിനിറ്റിലാണ് ഡേവിഡ് വിയ തന്റെ ഹാട്രിക്കിന് തുടക്കമിട്ടത്. പിന്നീട് 46-ാം മിനിറ്റിലും 64-ാം മിനിറ്റിലും വിയ എതിര് വല കുലുക്കി. 31, 89 മിനിറ്റുകളിലായിരുന്നു സില്‍വയുടെ ഗോളുകള്‍. മാട്ടയുടെ ഗോള്‍ പിറന്നത് 66-ാം മിനിറ്റിലായിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്പെയിന് നൈജീരിയയെ നേരിടും. ഈ മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ മാത്രം മതി സ്പെയിനിന് സെമിയില്‍ കടക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: