കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ ഇരുപത്തഞ്ചിന് നടക്കും. കോടതി വിധിയെത്തുടര്‍ന്ന് നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. രാജ്യത്ത് റംസാന് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ഇത് ആദ്യമായിട്ടാണ്.
മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് കുവൈറ്റിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കുറി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഭേദഗതിയില്‍ വീഴ്ച്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവ്. നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഭേദഗതിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കുകയും ചെയ്തു.
പുതിയ തെരഞ്ഞെടുപ്പ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ അനുകൂല പാര്‍ലിമെന്റ് സ്ഥാപിക്കാനാണ് നീക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണം. കൂടാതെ പൊതജന അഭിപ്രായം തേടാതെയായിരുന്നു തെരഞ്ഞെടുപ്പ് ഭേദഗതിയെന്നും അവര്‍ ആരോപിച്ചിരുന്നു.
കുവൈറ്റ് അമീറിന്റെ നിര്‍ദ്ദേശാനുസരണം നിലവില്‍ വന്ന ഇലക്ഷന് ഭേദഗതിയിലൂടെ ഓരോ മണ്ഡലത്തിലും പൗരന്മാരുടെ വോട്ടുകള്‍ നാലില്‍ നിന്നും ഒന്നായി നിജപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: