വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് താലിബാനുമായുള്ള സമാധാന ചര്‍ച്ചയില്‍നിന്നും അമേരിക്ക പിന്മാറി. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്നു നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്നാണ് അമേരിക്ക പിന്മാറിയത്.
കര്‍സായിയെ അനുനയിപ്പിക്കാന്‍ യു.എസ് ശ്രമം തുടങ്ങി. 24 മണിക്കൂറിനിടെ രണ്ടു തവണ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കര്‍സായിയെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി. താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ തങ്ങള്‍ ബഹിഷ്കരിക്കുമെന്ന് അഫ്ഗാന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇന്ന് ദോഹയില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചയില്‍ നിന്ന് അമേരിക്ക പിന്മാറിയത്.
യുഎസുമായുള്ള ചര്‍ച്ചകള്‍ക്കു മുന്നോടിയായി ഖത്തറില്‍ ഓഫീസ് സ്ഥാപിക്കാനുള്ള താലിബാന്റെ തീരുമാനത്തില്‍ ഹമീദ് കര്‍സായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഓഫീസിന് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്ന പേരു നല്കാന് തീരുമാനിച്ചതാണ് കര്‍സായിയെ അസ്വസ്ഥനാക്കിയത്. അഫ്ഗാന് സര്‍ക്കാരിന്റെ സമാന്തരസംഘടനയായി ഇതിനെ കരുതാനിടയാക്കുമെന്നാണ് അദ്ദേഹം ഭയപ്പെടുന്നത്.
അതേസമയം ഇത് അഫ്ഗാന് താലിബാന്റെ രാഷ്ട്രീയകാര്യാലയം മാത്രമാണെന്നും മറിച്ച് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക ഓഫീസല്ലെന്നും ഖത്തര്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് യുഎസ് വക്താവ് ജെയിംസ് സാകി അറിയിച്ചു.
താലിബാനുമായി തങ്ങള്‍ ചര്‍ച്ച നടത്തുമെന്നുള്ള വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ജയിംസ് സാക്കി അറിയിച്ചു. ചര്‍ച്ചയ്ക്കായി യു എസ് പ്രതിനിധി ജയിംസ് റോ ഇതുവരെ എവിടേക്കും യാത്ര തിരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്നുള്ള കാര്യം അഫ്ഗാന് നേതൃത്വവുമായും ഉന്നത സമാധാന സമിതിയുമായി ചര്‍ച്ച ചെയ്തുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്മാറിയതോടെ താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: