കൊല്ലം: കോരിച്ചൊരിയുന്ന മഴയിലും അടങ്ങാത്ത സമരാവേശവുമായി നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ചും യോഗവും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കുക, സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലയിലും മാര്‍ച്ച് സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ ചിന്നക്കട റസ്റ്റ് ഹൗസിനുമുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിന് മുന്നില്‍ സമാപിച്ചു.
മാര്‍ച്ച് എത്തുന്നതിന് മുമ്പേ നൂറുകണക്കിന് പോലീസുകാരെ താലൂക്ക് ഓഫീസിനുമുന്നില്‍ വിന്യസിച്ചിരുന്നു. താലൂക്ക് ഓഫീസ് പടിക്കല്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ബാരിക്കേഡുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.സുനില്‍ അധ്യക്ഷനായിരുന്നു. യോഗം സംസ്ഥാനസമിതിയംഗം കെ.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. സോളാര്‍ കേസില്‍ കേരളജനതക്ക് മുന്നില്‍ സത്യം വെളിപ്പെടാന്‍ തിരുവഞ്ചൂരിന്റെ ആഭ്യന്തരവകുപ്പിന് സാധിക്കില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നതുപോലെ സുതാര്യമായ ഭരണമല്ല സംസ്ഥാനത്ത് നടക്കുന്നതെന്നത്. കൊട്ടാരക്കരക്കാര്‍ക്ക് പകല്പോലെയറിയാവുന്ന സത്യമാണ് ബിജുവാണ് ഭാര്യ രശ്മിയെ കൊന്നതെന്ന്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ പിടിക്കാമായിരുന്നിട്ടും പോലീസിലെ ഒരു വിഭാഗവും ഭരണം നടത്തിയ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കളും ബിജുവിനെ സംരക്ഷിക്കുകയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷവും ധാര്‍മികത അവകാശപ്പെടുന്നതില്‍ കാപട്യമുണ്ട്. അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ തെളിവുകള്‍ ഇല്ലാതാക്കി സരിതക്കും ബിജുവിനും യഥേഷ്ടം തട്ടിപ്പ് നടത്താന്‍ സാധിക്കുമായിരുന്നില്ല. മുഖ്യമന്ത്രി മാന്യമായി രാജിവച്ചില്ലെങ്കില്‍ അടിയന്തിരാവസ്ഥകാലത്തിന് സമാനമായ പ്രക്ഷോഭമായിരിക്കും ബിജെപി സംഘടിപ്പിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.രാധാമണി, മാമ്പുഴ ശ്രീകുമാര്‍, മൗട്ടത്ത് മോഹനന്ഉണ്ണിത്താന്, രാജിപ്രസാദ് എന്നിവര്‍ സംസാരിച്ചു.
പാര്‍ട്ടി ജില്ലാ-മണ്ഡലം നേതാക്കളായ ജി.ഗോപിനാഥ്, വി.എസ്.വിജയന്, വെള്ളിമണ്‍ ദിലീപ്, ഓലയില്‍ ബാബു, അനില്‍ വാഴപ്പള്ളി, ആലഞ്ചേരി ജയചന്ദ്രന്, അഡ്വ.കൃഷ്ണചന്ദ്രമോഹന്‍, അഡ്വ.ആര്.എസ്.പ്രശാന്ത്, സുമാദേവി, മാലുമേല്‍ സുരേഷ്, പട്ടാഴി സുഭാഷ്, ഭരണിക്കാവ് രാജന്, എം.എസ്.ലാല്‍, പന്നിമണ്‍ രാജേന്ദ്രന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: