ന്യൂദല്‍ഹി: കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് ദല്‍ഹിയിലും ഗാസിയാബാദിലും സി.ബി.ഐ റെയ്ഡ് നടത്തി. അനധികൃതമായി ലൈസന്‍സ് നേടിയ ഒരു കമ്പനിക്കെതിരെ കൂടി കേസെടുത്തു. ജൂലൈ ആദ്യവാരം സി.ബി.ഐ സുപ്രീംകോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
1.86 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സി.ഐ.ജി കണ്ടെത്തിയ കല്‍ക്കരിപാടം വിതരണത്തില്‍ പ്രധാനമന്ത്രിയുടെ ഒഫീസിലെ രണ്ട് ഉദ്യോഗസ്ഥരില്‍ നിന്നും കഴിഞ്ഞ ദിവസം സി.ബി.ഐ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും മൊഴി എടുക്കാനും സി.ബി.ഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് ദല്‍ഹിയിലും ഗാസിയാബാദിലും സി.ബി.ഐ റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ സുപ്രധാനമായ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. കല്‍ക്കരിപ്പാടം ലൈസന്‍സ് അനധികൃതമായി നേടിയെടുത്ത രതീഷ് സ്റ്റീല്‍സ് ആന്റ് പവര്‍ ലിമിറ്റഡിനെതിരെയാണ് സി.ബി.ഐ പുതുതായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ പന്ത്രണ്ട് കേസുകള്‍ ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്തയും കേസില്‍ പ്രതിയാകുമെന്നാണ് സൂചന. ഗുപ്തയെ ഉടന്‍ തന്നെ സി.ബി.ഐ ചോദ്യം ചെയ്തേക്കും. ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ പങ്കുവച്ചതിനെ സി.ബി.ഐയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ കരുതലോടെയുള്ള നീക്കങ്ങളാണ് സി.ബി.ഐ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: