ഓവല്‍: നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ കീഴ്പ്പെടുത്തി മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയിലെ നിര്‍ണായകമായ പോരാട്ടത്തില്‍ 20 റണ്‍സിനാണ് ശ്രീലങ്ക ഒാസ്ട്രേലിയയെ കീഴടക്കിയത്. ഗ്രൂപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ശ്രീലങ്ക സെമിയില്‍ പ്രവേശിച്ചത്. ഗ്രൂപ്പില്‍ നിന്ന് ന്യൂസിലാന്റും ഓസ്ട്രേലിയയും പുറത്തായി. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഓസ്ട്രേലിയ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. ഓസീസിന്റെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 42.3 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ടായി. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികള്‍. ഇന്നത്തെ ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. 84 റണ്‍സ് നേടി പുറത്താകാതെ നിന്ന മഹേല ജയവര്‍ദ്ധനെയും 57 റണ്‍സ് നേടിയ തിരിമന്നെയുമാണ് ലങ്കയെ മാന്യമായ സ്കോറിലെത്തിച്ചത്. ഇരുവര്‍ക്കും പുറമെ ദില്‍ഷന്‍ 34ഉം ചണ്ഡിമല്‍ 31ഉം റണ്‍സെടുത്തു. ഓസീസ് നിരയില്‍ 49 റണ്‍സെടുത്ത വോഗ്സാണ് ടോപ് സ്കോറര്‍. വോഗ്സിന് പുറമെ മക്സ്‌വെല്‍ 32ഉം മാത്യുവെയ്ഡ് 31ഉം ക്ലിന്റ് മക്കായ് 30 റണ്‍സെടുത്തു. ജയവര്‍ദ്ധനെയാണ് മാന്‍ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ പെരേര (4) പുറത്തായി. നാലാം ഓവറിലെ രണ്ടാം പന്തില്‍ സംഗക്കാരയും (3) മടങ്ങിയതോടെ രണ്ടിന് 20 എന്ന നിലയിലായി. പിന്നീട് ദില്‍ഷനും ജയവര്‍ദ്ധനെയും ചേര്‍ന്ന് സ്കോര്‍ 92 എത്തിച്ചെങ്കിലും 34 റണ്‍സെടുത്ത ദില്‍ഷന്‍ മടങ്ങി. ജയവര്‍ധനെയും തിരിമന്നെയും ചേര്‍ന്നാണ് ശ്രീലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 81 പന്തുകളില്‍ നിന്ന് 11 ഫോറുകളുമായി 84 റണ്‍സെടുത്ത് ജയവര്‍ധനെ പുറത്താകാതെ നിന്നു. തിരിമന്നെ 86 പന്തുകളില്‍ നിന്ന് നാല് ഫോറുകള്‍ ഉള്‍പ്പടെ 57 റണ്‍സെടുത്തു. ചന്ദിമല്‍ 32 പന്തുകളില്‍ നിന്ന് ഒരു സിക്സറും ഒരു ഫോറും ഉള്‍പ്പടെ 31 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയ്‌ക്ക് സെമിഫൈനലില്‍ എത്തണമെങ്കില്‍ 29.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കണമായിരുന്നു. ഇതിനായി തുടക്കം മുതല്‍ ആഞ്ഞടിച്ചതോടെ മുന്‍നിരയും മധ്യനിരയും തകര്‍ന്നു. ഒരുഘട്ടത്തില്‍ അഞ്ചിന് 80 എന്ന നിലയിലേക്ക് തകര്‍ന്ന ഓസീസ് ഇന്നിംഗ്സിന് അല്‍പം ജീവന്‍ നല്‍കിയത് വോഗ്സും വെയ്ഡും ചേര്‍ന്നാണ്. വാട്സ്ണ്‍ (അഞ്ച്), ഹ്യൂഗ്സ് (13), മാക്സ്‌വെല്‍ (32), ബെയിലി (നാല്), മിച്ചല്‍ മാര്‍ഷ് (4) എന്നിങ്ങനെയായിരുന്നു മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ സ്കോറുകള്‍. എന്നാല്‍ സ്കോര്‍ 127-ല്‍ എത്തിയപ്പോള്‍ 31 റണ്‍സെടുത്ത വെയ്ഡ് മടങ്ങി. തുടര്‍ന്നെത്തിയവരില്‍ ഫള്‍ക്നര്‍ 17ഉം മിച്ചല്‍ ജോണ്‍സണ്‍ നാലും റണ്‍സെടുത്ത് മടങ്ങി. അവസാന ഓവറുകളില്‍ പിടിച്ചുനിന്ന മക്കായിയും 15 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡോഹെര്‍ത്തിയും ചേര്‍ന്നാണ് സ്കോര്‍ 233-ല്‍ എത്തിച്ചത്. ലങ്കക്ക് വേണ്ടി കുലശേഖര മൂന്നും ഹെറാത്ത് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: