പുത്തൂര്‍: മാനസികനില തെറ്റിയവര്‍ക്ക് തണലായി മാറിയ ഐവര്‍കാല സാന്ത്വനം സേവാകേന്ദ്രം അംഗീകാരത്തിന്റെ നിറവില്‍. ഏഴ് വര്‍ഷമായി തുടരുന്ന നിസ്വാര്‍ത്ഥസേവനത്തിന് സ്വാന്തനത്തെ തേടിയെത്തിയത് എറണാകുളം സാമൂഹ്യസേവാ കേന്ദ്രം ഏര്‍പ്പെടുത്തിയ ശ്രീഗുരുജി സേവാ പുരസ്ക്കാരം. 23ന് വൈകിട്ട് 5ന് പുത്തൂര്‍ വസുധാ ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് പുരസ്ക്കാര സമര്‍പ്പണം നടത്തും.
തലനരച്ചെങ്കിലും ബാല്യത്തെ കൈവിടാതെ നിലതെറ്റിയ മനസ്സിന്റെ പിന്നാലെ ദിക്കറിയാതെ യാത്ര ചെയ്യേണ്ടിവന്ന പതിനേഴ് പേരുടെ അഭയകേന്ദ്രമാണ് ഇന്ന് സാന്ത്വനം. തങ്ങള്‍ക്കുള്ള അധികവിശേഷം- ചിന്താനിയന്ത്രണം- വശമില്ല എന്ന ഒറ്റക്കാരണം കൊണ്ട് സമൂഹം എഴുതിത്തള്ളിയ ഒരുകൂട്ടമാളുകള്‍ ജീവിതത്തെ തിരിച്ചു പിടിക്കുകയാണ് ഒരു ഗ്രാമത്തിന്റെ സഹജമായ സ്നേഹ വാത്സല്യങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട്. അവര്‍ക്കിവിടെ ഒരു വീടുണ്ട്. നിലതെറ്റിയവരുടെ ഒരു നിലയം.
മാനസികനില തകരാറിലായ കേരളത്തിനാകെ മാതൃകയാണ് ആശ്വാസത്തിന്റെ തലോടലുമായി സ്വയം ഉയര്‍ന്ന ഈ നാട്ടുകാരുടെ കരങ്ങള്‍. ആരുടെയെങ്കിലും പ്രത്യേക നിര്‍ദേശപ്രകാരം യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് കമ്മറ്റിരൂപീകരിച്ച് കെട്ടിടമുണ്ടാക്കി തുടങ്ങിയതല്ല സാന്ത്വനം. സ്വാര്‍ത്ഥമോഹങ്ങളില്‍ പുതിയ തലമുറ വലിച്ചെറിഞ്ഞ സഹജമായ മനുഷ്യധര്‍മ്മത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു അത്. താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തില്‍ ആരെയും അറിയാതെ, ആരോരുമറിയാതെ, അറിഞ്ഞവരൊന്നും തിരിഞ്ഞുനോക്കാതെ, അവഗണനയുടെ നിരത്തുകളില്‍ ഇരവുപകലുകള്‍ കഴിയേണ്ടിവന്ന ഒരു സാധാരണക്കാരനോട് ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക് തോന്നിയ സാഹോദര്യ ഭാവനയാണ് സാന്ത്വനത്തിന്റെ തുടക്കം. അവര്‍ക്ക് പ്രേരണയായതാകട്ടെ രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ കൈവന്ന സേവാഭാവവും.
മാനസികനില തകരാറായിരുന്ന ശ്രീധരന്‍പിള്ളയെന്ന അറുപതുകാരനെ ഏറ്റെടുത്തുകൊണ്ടായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത് വീട്ടുകാരുടെ കൂടി സമ്മതത്തോടെ ഒരു തണലൊരുക്കാന്‍ കൂട്ടുചേര്‍ന്നുള്ള പരിശ്രമം. 2006 ജൂലൈയില്‍ സാന്ത്വനം എന്ന പേരില്‍ ഒമ്പതംഗ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു.
പിന്നീട് സാന്ത്വനംതേടി പലരുമെത്തി. മനസുനഷ്ടപ്പെട്ടവരുടെ മനസായി ഗ്രാമവാസികള്‍ ഇടക്കിടെ അന്തേവാസികള്‍ക്കൊപ്പം ഒത്തുകൂടി. സ്നേഹത്തിന്റെ നിരന്തര സ്പര്‍ശവും ചികിത്സയും ശ്രദ്ധയും കൊണ്ട് നാലുപേര്‍ ഇതിനകം ആശ്വാസം നേടി മടങ്ങി. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പരിചരണവും മരുന്നും നല്കി. ഇടയ്ക്കൊക്കെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുമെങ്കിലും മിക്കപ്പോഴും എല്ലാവരും സ്വസ്ഥരായി കഴിയുന്നുവെന്ന് ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ സഹകാര്യവാഹും സാന്ത്വനത്തിന്റെ പ്രേരണാസ്രോതസുമായ ആര്. ബാഹുലേയന് പറയുന്നു.
ആകെയുള്ള 35 സെന്റ് സ്ഥലത്താണ് നിലതെറ്റിയവരുടെ ഈ ആലയം ഉയര്‍ന്നത്. ശേഷിക്കുന്ന സ്ഥലത്ത് അവര്‍ സ്വന്തം കരുത്താല് ഇപ്പോള്‍ ജൈവകൃഷിയുടെ പുതിയ മേഖലകള്‍ സ്വന്തമാക്കുന്നു. മനസ്സിനെ ദൃഢമാക്കി, ജീവിതത്തെ സ്വാശ്രയഭാവമുള്ളതാക്കി. ഇപ്പോള്‍ സാന്ത്വനത്തിലെ കുടുംബാംഗങ്ങള്‍ക്ക് ഒരു വാത്സല്യഭാജനമുണ്ട്.
നന്ദിനി എന്ന പശു. രാജ്യമെമ്പാടും നടന്ന വിശ്വമംഗള ഗോഗ്രാമയാത്രയുടെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് നന്ദിനിയെ സാന്ത്വനത്തിലെത്തിച്ചത്. കൃഷിയും സമൂഹഭജനയും ഗോസംരക്ഷണവും ഒക്കെച്ചേര്‍ന്ന് സംഘബോധത്തിന്റെ വഴിയില്‍ സാന്ത്വനം വളരുകയാണ്. ദീപാവലിക്കും വിഷുവിനുമൊക്കെ അമ്മമാരടങ്ങുന്ന ഒരു വലിയ സമൂഹം സാന്ത്വനത്തില്‍ എത്തിച്ചേരും. അനുബന്ധ സേവാപ്രവര്ത്തനങ്ങളിലേക്ക് സാന്ത്വനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സൗജന്യ പഠനോപകരണവിതരണം മുറയ്ക്ക് നടക്കുന്നു. നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായവും സ്കോളര്‍ഷിപ്പും നല്കുന്നു. വികലാംഗര്‍ക്കും പരസഹായം കൂടാതെ നടക്കാന്‍ കഴിയാത്തവര്‍ക്കും സൗജന്യ വീല്‍ചെയര്‍ വിതരണം. ഇവയ്ക്ക് പുറമെ ഗോആധാരിത കൃഷിയുടെ വ്യാപനവും.മനോനില തകര്‍ന്നവരെങ്കിലും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ന്ന നിലയില്‍ പുലര്‍ത്തുന്ന തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വിപുലമായ സൗകര്യങ്ങളോടെ ഒരു ആലയമാണ് സ്വപ്നം. മൂന്നുനില മന്ദിരത്തിനുള്ള ശിലാസ്ഥാപനം പന്മന മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ നിര്‍വഹിച്ചു കഴിഞ്ഞു. ഇതിലേക്ക് ഇനി വേണ്ടത് കൂടുതല്‍ സഹകരണങ്ങളാണ്, സഹായവും.
സംഭാവനകളും സഹായങ്ങളും എത്തേണ്ടുന്ന വിലാസം: സെക്രട്ടറി, സാന്ത്വനം സേവാകേന്ദ്രം, ഐവര്‍കാല ഈസ്റ്റ് പി.ഒ., പുത്തൂര്‍, കൊല്ലം, കേരള. പിന്-691507.
അക്കൗണ്ട് നമ്പര്‍: 67030715675, എസ്ബിടി പുത്തൂര്‍ ബ്രാഞ്ച്
email: [email protected].
ഫോണ്‍: 9745086403, 9961327105
പുരസ്ക്കാര സമര്‍പ്പണസമ്മേളനം സിദ്ധാര്‍ത്ഥ് സെന്‍ട്രല്‍ സ്ക്കൂള് ചെയര്മാന് ഗോകുലം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പുത്തൂര്താലൂക്ക് സംഘചാലക് എം.രാമചന്ദ്രന്, സാമൂഹ്യസേവാകേന്ദ്രം സെക്രട്ടറി ആര്. വിശ്വനാഥകമ്മത്ത്, സാന്ത്വനം സെക്രട്ടറി എം. രജീഷ്കുമാര്, ആര്. ബാഹുലേയന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: