കൊച്ചി: ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സമന്വയമുണ്ടാക്കിയ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രവൃത്തി ഒരുജ്ജ്വല രാജ്യതന്ത്രജ്ഞന്റേതാണെന്ന് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍. കൃഷ്ണയ്യരുടെ ഉപദേശം ഋഷിതുല്യമാണെന്നും എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ളതാണെന്നും സര്‍സംഘചാലക്. സര്‍സംഘചാലകിന് വി.ആര്.കൃഷ്ണയ്യര്‍ അയച്ച കത്തിലും അതിനുള്ള മറുപടിയിലുമാണ് ഈ പരസ്പരാദരം.
ദേശീയ രാഷ്ട്രീയത്തില്‍ ഏതാനും മണിക്കൂറുകള്‍ ആശങ്കയുണ്ടാക്കിയ എല്‍.കെ.അദ്വാനിയുടെ രാജിയെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ കൃഷ്ണയ്യര്‍ അദ്വാനിക്കും മോദിക്കും കത്തെഴുതിയിരുന്നു. അതിനു പിന്നാലെ പ്രശ്നപരിഹാരത്തിന് ആര്‍എസ്എസ് സര്‍സംഘചാലക് മുന്‍കൈ എടുത്തു. ആ ദൗത്യം വിജയകരമായതിന്റെ ആഹ്ലാദത്തില്‍ കൃഷ്ണയ്യര്‍ ജൂണ്‍ 15-ന് ഇങ്ങനെ എഴുതി, “അദ്വാനിക്കും മോദിക്കുമിടയില്‍ സമന്വയം ഉണ്ടാക്കിക്കൊണ്ട് ഒരു ദേശീയ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കിയ താങ്കള്‍ ഒരു ഉജ്ജ്വല രാജ്യതന്ത്രജ്ഞന്റെ പങ്കാണു വഹിച്ചിരിക്കുന്നത്.” കത്തിന്റെയും അതിന് സര്‍സംഘചാലക് നല്കിയ മറുപടിയുടെയും പൂര്‍ണ്ണ രൂപം ഇങ്ങനെ:-
ശ്രീ. മോഹന്‍ ഭാഗവത്,
സര്‍സംഘചാലക്
രാഷ്ട്രീയ സ്വയംസേവക സംഘം
നാഗ്പൂര്‍
പ്രിയപ്പെട്ട മോഹന്‍ ഭാഗവത്,
എനിക്ക് താങ്കളെ വ്യക്തിപരമായോ രാഷ്ട്രീയപരമായോ പരിചയമില്ല. ആര്‍എസ്എസ്സിന്റെ തത്വശാസ്ത്രവുമായി ഞാന്‍ യോജിക്കുന്നുമില്ല. പക്ഷേ സംഘപ്രവര്‍ത്തകരുടെ ദേശീയ ചിന്തയും കറകളഞ്ഞ രാജ്യസ്നേഹവും രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള വീക്ഷണവും ഞാന്‍ ആദരിക്കുന്നു. നെഹ്റുവിന്റെ ദേഹാന്തത്തിനു ശേഷം കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ ദുരന്തമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ ഉയര്‍ത്തിക്കാട്ടുന്ന മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയേയും കാണാനുമില്ല. ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനും ഗാന്ധിജിയും രക്ഷിക്കട്ടെ.
അദ്വാനിക്കും മോദിക്കുമിടയില്‍ സമന്വയം ഉണ്ടാക്കിക്കൊണ്ട് ഒരു ദേശീയ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കിയ താങ്കള്‍ ഒരു ഉജ്ജ്വല രാജ്യതന്ത്രജ്ഞന്റെ പങ്കാണ് വഹിച്ചിരിക്കുന്നത്.
രാഷ്ട്രീയ സ്ഥിതിഗതികളെ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട് ഞാന്‍ മോദിക്കും അദ്വാനിക്കും കത്തുകള്‍ അയച്ചിട്ടുണ്ട്. അദ്വാനിക്ക് അയച്ച കത്തെഴുതിയത് സമന്വയം വരുത്തുന്നതില്‍ താങ്കള്‍ കാണിച്ച അതേ വികാരം ഉള്‍ക്കൊണ്ടുകൊണ്ടാണ്. നമ്മുടെ രാജ്യം നിലനില്ക്കണമെങ്കില് ഐക്യം കൂടിയേ തീരൂ. നമ്മുടെ ഭരണഘടന പ്രകാരം നാം പടുത്തുയര്‍ത്തിയിരിക്കുന്നത് സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമാണ്. അദ്വാനിയുടെയും മോദിയുടെയും തത്വങ്ങളും ആദര്‍ശങ്ങളും സംയുക്തമായി രാജ്യത്തെ പൂര്‍ണ സ്വരാജിലേക്കു നയിച്ചെങ്കില്‍ മാത്രമേ നമ്മുടെ ഐക്യത്തിനും സാഹോദര്യത്തിനും നിലനില്‍പ്പുണ്ടാകുകയുള്ളു. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെയും ആഗോള ഡോളര്‍ സമ്പദ് വ്യവസ്ഥയുടെയും അധീശത്വമല്ലല്ലോ നമുക്കു വേണ്ടത്. ദേശീയ ദിനപത്രമായ മാതൃഭൂമിയുടെ എംഡി വീരേന്ദ്രകുമാറിന് ഞാന്‍ അയച്ച കത്തിന്റെ കോപ്പി താങ്കളുടെ വായനക്കായി ഇതോടൊപ്പം വയ്ക്കുന്നു. അദ്വാനി രാജി പിന്‍വലിക്കുന്നതിനു മുമ്പാണ് ആ കത്ത് എഴുതിയത്. ഭാരതം ലോകത്തിനു വഴികാട്ടിയായിത്തീരുമെന്ന് എനിക്ക് ഉറച്ച ശുഭാപ്തി വിശ്വാസമുണ്ട്. ഭാരതത്തിന്റെ ഭാവി ഭാഗധേയത്തെക്കുറിച്ച് താങ്കളുടെ വീക്ഷണം അറിയാന്‍ എനിക്ക് താല്പര്യമുണ്ട്.
ആദരവുകളോടെ,
വിശ്വാസപൂര്‍വം
വി.ആര്.കൃഷ്ണയ്യര്‍
സര് സംഘചാലക് മോഹന്‍ ഭാഗവത് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ കത്തിന് അയച്ച മറുപടി
ആദരണീയ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍
സ്നേഹപൂര്‍ണ നമസ്കാരം
താങ്കളുടെ കത്തിനും ഋഷിതുല്യമായ ഉപദേശത്തിനും നന്ദി. കത്ത് അഭിസംബോധന ചെയ്തിരിക്കുന്നത് ഒരു പ്രത്യേക വ്യക്തിക്കാണെങ്കിലും അതിന്റെ ഉള്ളടക്കം പൊതു പ്രവര്‍ത്തകരായ എല്ലാവരെ സംബന്ധിച്ചും സുപ്രധാനമാണ്. താങ്കളുടെ കത്തിലെ അവസാനത്തെ രണ്ടു വാചകങ്ങളോടു പൂര്‍ണമായും ഞാന്‍ യോജിക്കുന്നു. അടുത്ത കേരള സന്ദര്‍ശന വേളയില്‍ താങ്കളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരത്തിലുള്ള ഒരു കൂടിക്കാഴ്ച എന്നെ സംബന്ധിച്ചിടത്തോളം വിജ്ഞാനപ്രദമായ ബോധവല്ക്കരണമായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാരതത്തെ ജഗദ്ഗുരുവാക്കാനുള്ള നമ്മുടെയെല്ലാം പൊതു ലക്ഷ്യം കൈവരിക്കുന്നതില്‍ ഇത്തരം സത്സംഗങ്ങള്‍ ഇടവരുത്തട്ടെ.
നന്ദിപൂര്‍വം
മോഹന്‍ ഭാഗവത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: